ന്യൂഡൽഹി: ഒരു മിനിറ്റിന് 11,263 രൂപ. ഒരു മണിക്കൂറിന് 6.75 ലക്ഷം രൂപ. ഒരു ദിവസത്തേക്ക് 1.62 കോടി രൂപ. ഒരു വർഷത്തേക്ക് 592 കോടി രൂപ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാത്രം സംരക്ഷണത്തിനായി ചെലവഴിക്കുന്ന തുകയുടെ കണക്കാണിത്.
സർക്കാർ നേരിട്ടു കുറിച്ചു തന്നു തിട്ടപ്പെടുത്തിയ കണക്കല്ല, മറിച്ച് ഈ സാന്പത്തിക വർഷത്തിൽ പ്രധാനമന്ത്രിയുടെ സംരക്ഷണത്തിനായി നീക്കി വെച്ച ബജറ്റ് വിഹിതം പരിശോധിക്കുന്പോൾ വ്യക്തമാകുന്ന ചെലവിന്റെ കണക്കാണിത്.
ബജറ്റിൽ എസ്പിജിക്കായി 2020-21 വർഷേത്തക്ക് വകയിരുത്തിയത് 592.5 കോടി രൂപയാണ്. മുൻ വർഷത്തേക്കാൾ പത്തു ശതമാനം അധികം തുക.
എന്നാൽ, 2019-20 സാന്പത്തിക വർഷത്തിൽ എസ്പിജിക്ക് 540.16 കോടി രൂപ വകയിരുത്തുന്പോൾ രാജ്യത്ത് പ്രധാനമന്ത്രി ഉൾപ്പെടെ നാലു പേർക്കാണ് അവർ സംരക്ഷണം നൽകിയിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമേ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധേര എന്നിവർക്കാണ് അക്കാലത്ത് എസ്പിജി സംരക്ഷണം ഉണ്ടായിരുന്നത്. പിന്നീട് കഴിഞ്ഞ വർഷം സർക്കാർ നിയമ ഭേദഗതിയിലൂടെ രാജ്യത്ത് എസ്പിജി സംരക്ഷണം പ്രധാനമന്ത്രിക്ക് മാത്രമാക്കി മാറ്റി.
ഡിഎംകെ എംപി ദയാനിധി മാരന്റെ ചോദ്യത്തിന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ രാജ്യത്ത് എസിപിജി സംരക്ഷണം ഒരാൾക്ക് മാത്രമേയുള്ളൂവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരത്തിൽ പ്രധാനമന്ത്രിയുടെ പേരെടുത്തു പറഞ്ഞിട്ടുമില്ല.
സുരക്ഷാ കാരണങ്ങളാൽ സിആർപിഎഫ് സംരക്ഷണം ലഭിക്കുന്ന മറ്റു നേതാക്കളുടെയും പേരുകൾ വെളിപ്പെടുത്തിയില്ല. നിലവിൽ 56 പേർക്കാണ് സിആർപിഎഫിന്റെ സംരക്ഷണം ലഭിക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച മൂവായിരം കമാൻഡോകളാണ് എസ്പിജിയിൽ ഉള്ളത്.
2019-20 സാന്പത്തിക വർഷത്തിൽ എസ്പിജി സംരക്ഷണത്തിന് വേണ്ടി വകയിരുത്തിയ 540.16 കോടി രൂപയുടെ ആളോഹരി വിഹിതം 135 കോടിയായിരുന്നു. ഇത് നാല് പേരുടെ എസ്പിജി സംരക്ഷണത്തിനുള്ളതായിരുന്നു.
എന്നാൽ, ഈ വർഷത്തിലെ ബജറ്റിൽ 592.5 കോടി വക വകയിരുത്തിയപ്പോൾ ആളോഹരി വിഹിതത്തിൽ 340 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. ഇപ്പോൾ രാജ്യത്ത് മോദിക്ക് മാത്രമാണ് എസ്പിജി സംരക്ഷണം ഉള്ളത്.
്ര മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷമുള്ള 2015ലെ ബജറ്റിൽ എസ്പിജിക്ക് 289 കോടി രൂപയാണ് വകയിരുത്തിയത്. 2015-16 വർഷത്തിൽ ഇത് 330 കോടി രൂപയായി. 2018-19 വർഷത്തിൽ 385 കോടി രൂപയായിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കായി വിവിധ സംസ്ഥാനങ്ങളിൽ മോദി യാത്ര ചെയ്യുന്നുണ്ട്.
മാത്രമല്ല മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് പത്തു വർഷം 93 രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ വെറും ആറു വർഷം കൊണ്ട് മോദി ഈ റിക്കാർഡ് മറികടന്നിരുന്നു. പ്രധാനമന്ത്രിയുടെ ആഭ്യന്തര, വിദേശ യാത്രകളിലും സംരക്ഷണ ചുമതല എസ്പിജിക്കാണ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും ഇപ്പോൾ എസ്പിജി സംരക്ഷണം ഇല്ല.
സെബി മാത്യു