റാഞ്ചി; ജാർഖണ്ഡ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
ഒരു എഎസ്ഐയെയും രണ്ട് കോൺസ്റ്റബിൾമാരെയും സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രിയുടെ റാഞ്ചി സന്ദർശനത്തിനിടെയാണ് സുരക്ഷാ വീഴ്ച. ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ജാർഖണ്ഡിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു മോദി.
മോദിയുടെ റോഡ് ഷോ നടക്കുന്നതിനിടെ ഒരു യുവതി അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വാഹനത്തിന് മുന്നിൽ എത്തിയിരുന്നു.
ബുധനാഴ്ച രാവിലെ ഭഗവാൻ ബിർസ മുണ്ട മെമ്മോറിയൽ പാർക്ക്-കം-ഫ്രീഡം ഫൈറ്റർ മ്യൂസിയത്തിലേക്ക് റോഡ് ഷോയായി പോകുമ്പോഴാണ് വാഹനത്തിനു മുന്നിലേക്ക് യുവതി കയറി വന്നത്. സംഗീത ഝാ എന്നാണ് ഇവരുടെ പേര്.
സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ യുവതിയെ പിടികൂടി. തന്റെ ഭർത്താവിനെതിരെ പരാതി നൽകുന്നതിനാണ് യുവതി പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ ഇതിനു മുൻപ് ഈ യുവതി പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചിരുന്നു. ഇവരുടെ ഭർത്താവിന്റെ ബാങ്ക് അക്കൗണ്ടിലുള്ള പണം യുവതിയുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവുമായാണ് യുവതി പ്രധാനമന്ത്രിയെ കാണാൻ പോയിരുന്നത്.
എന്നാൽ തന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ രാഷ്ട്രപതിയെ കാണാനും നോക്കി. നടക്കാതെ വന്നപ്പോൾ തിരികെ വീട്ടിലേക്ക് മടങ്ങി. പ്രധാനമന്ത്രി റാഞ്ചിയിൽ എത്തിയിട്ടുണ്ടെന്നറിഞ്ഞാണ് യുവതി വന്നതെന്നും എസ്.പി പറഞ്ഞു.