ന്യൂഡൽഹി: ഇന്ത്യയിലെ കർഷക സമരത്തിന് ആഗോളതലത്തിൽ തന്നെ പിന്തുണയേറുന്ന സാഹചര്യത്തിൽ പ്രചാരണം ചെറുക്കാൻ എംബസികൾക്ക് അസാധാരണ നിർദേശവുമായി കേന്ദ്ര സർക്കാർ.
കർഷക സമരത്തിന് അനുകൂലമായ വിദേശ പ്രചാരണം ചെറുക്കാൻ എംബസികൾ തയാറാകണം. രാജ്യങ്ങളെ സാഹചര്യം ബോധ്യപ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രാലയം എംബസികൾക്ക് നിർദേശം നൽകി.
അതേസമയം, കർഷക സമരത്തിന് അന്താരാഷ്ട്ര തലത്തിൽ വൻ പിന്തുണയേറുകയാണ്. പോപ് താരങ്ങളും പരിസ്ഥിതി പ്രവർത്തകരും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഇന്റർനെറ്റ് വിലക്കിനെതിരേ അമേരിക്കയും വിമർശനം നടത്തിയിരുന്നു.
ഇന്റർനെറ്റ് വിലക്കിൽ മോദി ഭരണകൂടത്തിന് വിമർശനം
വാഷിംഗ്ടൺ ഡിസി: ഇന്ത്യയിലെ കർഷകർ പ്രതിഷേധങ്ങൾക്ക് ആഗോളതലത്തിൽ പിന്തുണ ശക്തമാകുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് അമേരിക്ക.
കർഷക പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു. കർഷക സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കണം.
സമാധാനപരമായ പ്രതിഷേധസമരങ്ങൾ ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. ഇന്ത്യൻ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ഉറപ്പാക്കുകയും ചെയ്യുന്ന പരിഷ്കാരങ്ങളെ സ്വാഗതം ചെയ്യുന്നതായും ബൈഡൻ ഭരണകൂടം അറിയിച്ചു.
അതേസമയം, കർഷക സമരത്തെ നേരിടാനുള്ള ഇന്റർനെറ്റ് വിലക്കിനെയും അമേരിക്ക വിമർശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇൻറർനെറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തടസമില്ലാതെ ലഭിക്കേണ്ടത് അനിവാര്യമാണെന്നാണ് അമേരിക്കൻ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.
സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു. ഇതിനെ തള്ളിപറഞ്ഞ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് യുഎസ് സർക്കാറിന്റെ ഔദ്യോഗിക പ്രതികരണം.അതേസമയം, ട്രാക്ടർ റാലിക്കിടെ കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. ഡല്‍ഹി അതിര്‍ത്തികളിലെ സമരം 71-ാം ദിവസത്തേക്ക് കടന്നു.