മോദി മാജിക്കിന്റെയും മോദി- അമിത് ഷാ ദ്വയത്തിന്റെയും പ്രഭാവം മങ്ങിമായുന്നു! തിരിച്ചടിയായത് അമിത ആത്മവിശ്വാസവും ഭരണവിരുദ്ധ വികാരവും; നിശബ്ദമായി ബിജെപി ക്യാമ്പുകള്‍

ബിജെപി ക്യാമ്പുകള്‍ എല്ലാം ഇപ്പോള്‍ നിശബ്ദമാണ്. മോദി മാജിക്കോ, മോദി അമിത് ഷാ കൂട്ടുകെട്ടോ ഇത്തവണ, ഈ സെമിഫൈനലില്‍ ഫലിച്ചില്ല. അതിന്റെ പകിട്ടെല്ലാം പൊയ്‌പ്പോയി എന്ന് അവരും അവരെ വിശ്വസിച്ചിരുന്നവരും മനസിലാക്കിയിരിക്കുന്നു എന്നുവേണം കരുതാന്‍. ബിജെപി നേതാക്കളാരും തന്നെ തെരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിക്കാന്‍ തയാറാവാത്തത് ഇതാണ് തെളിയിക്കുന്നത്. പാര്‍ലമന്റിലെത്തിയ മോദിയും തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് ഒന്നും സംസാരിക്കാത്തത് തിരിച്ചടിയുടെ പ്രതിഫലമായാണ് കാണാവുന്നത്.

ചത്തീസ്ഗഢിലെ ബിജെപിയുടെ തകര്‍ച്ചയാണ് ദയനീയം. അവിടെ ഒരു കച്ചിത്തുരുമ്പ് പോലും പിടിച്ച് നില്‍ക്കാനായി അവര്‍ക്ക് കിട്ടിയില്ല. രാജസ്ഥാനില്‍ മാത്രം അവസാന ഘട്ട മോദി പ്രചാരണത്തിലൂടെ അവര്‍ക്ക് പിടിച്ച് നില്‍ക്കാനുള്ള ഊര്‍ജം ലഭിച്ചെന്ന് മാത്രം. എങ്കിലും വിജയിച്ചില്ല. ഭരണ വിരുദ്ധ വികാരത്തിനിടയിലും പിടിച്ചു നിന്നു എന്ന് പറഞ്ഞു നില്‍ക്കാം, വേണമെങ്കില്‍. മിസോറാമില്‍ ബിജെപിയ്ക്ക് ഒരു സീറ്റ് പോലും നേടാനുമായിട്ടില്ല.

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മോദിയുടെയും കൂട്ടരുടെയും സ്വപ്‌നമാണ് ഇതോടെ തകര്‍ന്നടിഞ്ഞിരിക്കുന്നത്. മാത്രവുമല്ല, എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയെ വിറപ്പിക്കാന്‍ കോണ്‍ഗ്രസിന് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല എന്നതാണ് ശ്രദ്ധേയം. അതോടെ നിര്‍ണായകമായ, ഇന്ത്യയുടെ ഹൃദയഭാഗമായ മൂന്ന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ബിജെപിയെ കാലില്‍ വാരി അടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

എങ്കില്‍പ്പോലും, റഫാല്‍ ഉയര്‍ത്തിക്കാട്ടിയുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തീര്‍ത്ത ഭരണവിരുദ്ധ വികാരത്തിനിടയിലും, കടുത്ത മത്സരം കോണ്‍ഗ്രസിനെതിരെ കാഴ്ച വയ്ക്കാന്‍ ഒന്നു രണ്ടിടങ്ങളില്‍ ബിജെപിക്ക് കഴിഞ്ഞു എന്നതും ബിജെപി അനുകൂലികള്‍ക്ക് ആശ്വാസമാണ്.

മധ്യപ്രദേശില്‍ പാര്‍ട്ടിയ്ക്കകത്തെ പിണക്കങ്ങളും ഇടര്‍ച്ചയും ബിജെപിയുടെ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ദേശീയ രാഷ്ട്രീയ ചിത്രം തന്നെ മാറി മറഞ്ഞിരിക്കുന്നു, ഈ തെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ. മോദിയ്‌ക്കെതിരെ നേര്‍ക്കുനേര്‍ പോരാടാന്‍ എന്തുകൊണ്ടും യോഗ്യനാണ് താനെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിയ്ക്കും സാധിച്ചിരിക്കുന്നു.

മതവും ജാതിയും പറഞ്ഞും എതിരാളികളെ അനാവശ്യമായി അധിക്ഷേപിച്ചും മാത്രം ആളുകളെ കയ്യിലെടുക്കാമെന്ന തെറ്റിദ്ധാരണയും കോര്‍പ്പറേറ്റ് ശക്തികള്‍ മാത്രമല്ല, കര്‍ഷകരും സാധാരണക്കാരുമാണ് രാജ്യത്തിന്റെ ശക്തിയെന്ന് മനസിലാക്കാന്‍ വൈകിയതുമാണ് മോദിയ്ക്കും ഷായ്ക്കും തിരിച്ചടിയായതെന്നും വിലയിരുത്താം. ഇന്ന് പാര്‍ലമെന്റിലെ ശീതകാല സമ്മേളനം തുടങ്ങാനിരിക്കെ വര്‍ധിച്ച ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസും തലകുനിച്ച് ബിജെപിയും എത്തും എന്ന് ചുരുക്കം.

Related posts