ന്യൂഡൽഹി: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനും ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായുടെ താക്കീത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ വിമർശനത്തിലാണ് ഗിരിരാജ് സിംഗിനെ ബിജെപി അധ്യക്ഷൻ താക്കീത് ചെയ്തത്. എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പസ്വാൻ ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിലാണ് സുശീൽ കുമാർ മോദിക്കെതിരേ അമിത് ഷാ വാളെടുത്തതെന്നാണു റിപ്പോർട്ട്.
നേരത്തെ, രാം വിലാസ് പസ്വാൻ ബിഹാറിൽ ഇഫ്താർ വിരുന്ന് ഒരുക്കിയതിനെതിരേ ഗിരിരാജ് സിംഗ് രംഗത്തെത്തിയിരുന്നു. നവരാത്രിക്ക് എന്തുകൊണ്ട് ഇത്തരം പടിപാടികൾ നടത്തുന്നില്ലെന്നു മന്ത്രി ചോദ്യമുന്നയിച്ചു. എൻഡിഎ നേതാക്കൾ പങ്കെടുത്ത ഇഫ്താർ വിരുന്നിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചാണു കേന്ദ്രമന്ത്രിയുടെ വിമർശനം. ഹിന്ദുക്കളുടെ മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കാൻ എന്തിനാണു മടികാണിക്കുന്നതെന്നും ഗിരിരാജ് സിംഗ് ചോദ്യമുന്നയിച്ചു.
തിങ്കളാഴ്ചയാണു കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി നേതാവുമായ പസ്വാൻ ഇഫ്താർ വിരുന്നൊരുക്കിയത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദിയും പസ്വാന്റെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തിരുന്നു.