ന്യൂഡൽഹി: ഇന്ത്യ ജനിച്ചത് 1947 ൽ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ വസതിയിൽ മുതിർന്ന സിക്ക് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്.
പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി സിക്ക് മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
നമ്മുടെ ഗുരുക്കന്മാര് ഒരുപാട് ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ കാലത്ത് നാം വലിയ പീഡനങ്ങളാണ് ഏറ്റുവാങ്ങിയത്.
അക്കാലത്ത് താന്‍ ഒളിവിലായിരുന്നെന്നും മോദി പറഞ്ഞു. സിക്കുകാരുടെ വേഷം ധരിച്ചായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. തലപ്പാവും ധരിച്ചിരുന്നു- പ്രധാനമന്ത്രി സിക്ക് നേതാക്കളോട് പറഞ്ഞു.
1947-ലെ വിഭജന സമയത്ത് സിക്ക് ദേവാലയമായ കർതാർപൂർ സാഹിബിനെ ഇന്ത്യയുടെ ഭാഗമാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്നും മോദി പറഞ്ഞു.
കർതാർപൂർ സാഹിബ് പാക്കിസ്ഥാനിലായിപ്പോയി. പഞ്ചാബ് അതിർത്തിയിൽ നിന്നും വെറും ആറ് കിലോ മീറ്റർ അകലെ. വിഭജനകാലത്ത് ആറ് കിലോമീറ്റർ അകലെയുള്ള കർത്താപ്പൂർ ഇന്ത്യയിലെത്തിക്കാൻ അവർക്ക് സാധിച്ചില്ല.
തങ്ങൾ അധികാരത്തിൽ എത്തിയ ശേഷം ഈ വിഷയം ഗൗരവമായി എടുത്തു. നയതന്ത്രതലത്തിൽ ചർച്ചകൾ തുടങ്ങി. പഞ്ചാബ് സന്ദർശനത്തിനിടെ പലതവണ ബൈനോക്കുലർ വഴി താൻ കർതാർപൂർ സാഹിബ് നോക്കി നിൽക്കുമായിരുന്നു.
കർതാർപ്പൂർ സാഹിബിന്റെ കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് അന്നേ ഉറപ്പിച്ചിരുന്നു. എന്തായാലും ഗുരുക്കൻമാരുടെ അനുഗ്രഹത്തോടെ പുണ്യകരമായ ആ ദൗത്യം പൂർത്തിയാക്കാനായി.
വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കർതാർപ്പൂർ ഇടനാഴി സാധ്യമായത്. ഭക്തിയോടെയല്ലാതെ ഇങ്ങനെയൊരു പ്രവൃത്തി ആർക്കും സാധ്യമാകില്ലെന്നും മോദി കൂട്ടിച്ചേർത്തു.
വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ച കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സിക്ക്നേതാക്കള്ക്കൊപ്പം ഭക്ഷണം കഴിച്ച പ്രധാനമന്ത്രി അവരെ ആദരിക്കുകയും ചെയ്തു.