1988 ല്‍ അഹമ്മദാബാദില്‍ വച്ച് ബിജെപി നേതാവ് എല്‍. കെ. അദ്വാനിക്ക് ഡിജിറ്റല്‍ കാമറ ഉപയോഗിച്ച് ചിത്രം എടുത്ത് ഇമെയിലില്‍ അയച്ചു കൊടുത്തു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. ആ സമയത്ത് ഡിജിറ്റല്‍ കാമറയോ ഇമെയില്‍ സൗകര്യമോ ഇല്ലായിരുന്നു എന്നാണ് ഒരു കൂട്ടരുടെ വാദം. ധാരാളം ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് പുറത്തു വന്നിരുന്നു.
ഇപ്പോഴിതാ നരേന്ദ്രമോദി പറഞ്ഞ കാര്യങ്ങള്‍ തീര്‍ത്തും മഠയത്തരമാണെന്ന് വ്യക്തമാക്കി ടെലികമ്മ്യൂണിക്കേഷന്‍ വിദഗ്ധനും ഇന്ത്യയില്‍ ഇന്റര്‍നെറ്റും ഡാറ്റാ സര്‍വീസും കൊണ്ടുവന്ന വ്യക്തിയുമായ ബി. കെ. സിംഗാള്‍ രംഗത്തെത്തിയിരിക്കുന്നു.
1988 ല്‍ രാജ്യത്ത് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇ മെയില്‍ ഉണ്ടായിരുന്നുള്ളൂവെന്നായിരുന്നു മോദി ന്യൂസ് നാഷന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ മോദിയുടെ ഈ അവകാശവാദത്തെയാണ് സിംഗാള്‍ പാടെ തള്ളിയത്. മോദി പറഞ്ഞത് സത്യമാകാന്‍ ഒരു സാധ്യതയുമില്ലെന്നായിരുന്നു സിംഗാളിന്റെ പ്രതികരണം.
1995 ന് മുന്‍ ഇന്ത്യയില്‍ ERNET സംവിധാനമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാല്‍ തന്നെ ഇത് ചില ഗവേഷക സ്ഥാപനങ്ങളില്‍ മാത്രമായിരുന്നു ഉപയോഗിക്കാന്‍ സാധിച്ചിരുന്നതെന്നും സിംഗാള്‍ ദ പ്രിന്റന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തെ ചുരുക്കം ചില ഗവേഷണ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാത്രമാണ് ERNET ലഭ്യമായിരുന്നത്.
അതുകൊണ്ട് തന്നെ മോദി 1980 കളില്‍ ഇന്‍ര്‍നെറ്റ് ഇന്ത്യയില്‍ ഉപയോഗിക്കാനുള്ള യാതൊരു സാധ്യതയുമില്ല. 1986ല്‍ താന്‍ ലണ്ടനിലുണ്ടായിരുന്ന സമയത്ത് ഇന്റര്‍നെറ്റ് സേവനങ്ങളുടെ വില വലിയ തോതില്‍ ഉയര്‍ന്നതായിരുന്നു എന്നും അത് അന്ന് സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നെന്നും സിംഗാള്‍ പറഞ്ഞു. തനിക്ക് ഇന്റര്‍നെറ്റ് വഴി ആദ്യം ലഭിച്ച ഫോട്ടോ തന്റ കൊച്ചുമകന്റേതായിരുന്നെന്നും 1995 നവംബറിലായിരുന്നു അതെന്നും ബി.കെ സിംഗാള്‍ പറഞ്ഞു.
1991 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ബി.കെ സിംഗാള്‍ വി.എസ്.എന്‍.എല്ലിന്റെ (വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ്) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റു. 1993 ല്‍ രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി വി.എസ്.എന്‍.എല്ലില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.
തുടര്‍ന്ന് 1995ല്‍ രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ വി.എസ്.എന്‍.എല്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചു മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളിലായിരുന്നു ഇത്. 1995 ഓഗസ്റ്റ് 15നാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ജപ്പാനും ഹോങ് കോങിനും ശേഷം വാണിജ്യ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന മൂന്നാമത്തെ രാജ്യമായിയിരുന്നു ഇന്ത്യ.
കോര്‍പ്പറേറ്റ് ക്ലൈന്റുകള്‍ക്ക് ചിത്രങ്ങള്‍ക്കും ടെക്സ്റ്റിനുമായി പ്രതിമാസം 25,000 രൂപയായിരുന്നു അന്ന് ഈടാക്കിയത്. വ്യക്തികള്‍ക്ക് 15,000. ടെക്സ്റ്റ് മാത്രമാണെങ്കില്‍ വ്യക്തികള്‍ക്ക് 5000 ഇങ്ങനെയായിരുന്നു നിരക്കുകള്‍. എന്നാല്‍ ഇന്റര്‍നെറ്റിനുള്ള ഡിമാന്‍ഡ് കൂടിയതോടെ നിരക്കുകള്‍ 50 ശതമാനം കുറഞ്ഞു. ആ സമയത്ത് ഇന്റര്‍നെറ്റിന് വലിയ തോതില്‍ ആവശ്യക്കാരുണ്ടായിരുന്നെന്നും ഇത്രയും വലിയ സ്വീകാര്യത വി.എസ്.എന്‍.എല്‍ അന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സിംഗാള്‍ പറഞ്ഞു.