ന്യൂഡൽഹി: ബ്രൂണെ, സിംഗപ്പുർ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പുറപ്പെടും. ഇന്ന് മുതൽ അഞ്ച് വരെയാണു സന്ദർശനം. ഉഭയകക്ഷി ചർച്ചകൾക്കായി ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണെ സന്ദർശിക്കുന്നത്.
പ്രതിരോധം, വ്യാപാര നിക്ഷേപം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള പദ്ധതികൾ ബ്രൂണെ സുൽത്താൻ ഹസനൽ ബോൽക്കിയുമായി മോദി ചർച്ച ചെയ്യുമെന്നാണു വിവരം.
ആറ് വർഷത്തിനുശേഷം സിംഗപ്പുർ സന്ദർശിക്കുന്ന പ്രധാനമന്ത്രി സിംഗപ്പുർ പ്രസിഡന്റ് തർമൻ ഷൺമുഖരത്നം ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. വിവിധ കമ്പനി മേധാവികളുമായും ചർച്ച നടത്തുന്നുണ്ട്. ആരോഗ്യം, നൈപുണ്യ ശേഷി, ഡിജിറ്റൽ ഉൾപ്പെടെയുള്ള മേഖലകളിൽ കൈകോർക്കാനള്ള പദ്ധതികൾക്ക് ധാരണയുണ്ടാക്കുമെന്നാണു വിവരം.