മുംബൈ: പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെതിരേ വിമർശനവുമായി ശിവസേന. ഈ സർക്കാരിന്റെ കാലത്തു സൃഷ്ടിച്ച ജോലികളെ കുറിച്ചും സമ്പദ്വ്യവസ്ഥ പുനരുദ്ധരിക്കാൻ സ്വീകരിച്ച നടപടികളെകുറിച്ചും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറയാത്തതിനെതിരേയാണു വിമർശനം.
ഇതുവരെ 14 കോടി ആളുകൾക്കാണു രാജ്യത്തു തൊഴിൽ നഷ്ടപ്പെട്ടത്. ഭാവിയിൽ ഈ സംഖ്യ ഉയരുമെന്നാണു വിലയിരുത്തൽ. ആളുകൾക്കു പുറത്തിറങ്ങണമെന്നുണ്ട്.
പക്ഷേ, പുറത്തിറങ്ങിയിട്ട് അവർ എന്തു ചെയ്യാനാണ്. ജോലി, വ്യവസായങ്ങൾ, തൊഴിൽ മേഖല എന്നിവയെല്ലാം തകർന്നടിഞ്ഞു. പ്രധാനമന്ത്രി ഇതേക്കുറിച്ചു സംസാരിച്ചിരുന്നെങ്കിൽ നന്നായിരുന്നു- ശിവസേന മുഖപത്രമായ സാംനയിൽ എഴുതിയ മുഖപത്രത്തിൽ പറയുന്നു.
രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാൻ സൈന്യവും വ്യോമസേനയുമുണ്ട്. എന്നാൽ രാജ്യത്തെ ദാരിദ്രത്തോടും തൊഴിലില്ലായ്മയോടും ആരാണു പോരാടുകയെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു.