വ്യത്യസ്തമായ തന്റെ ഭരണരീതികള്‍ കൊണ്ട് മാത്രമല്ല നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി ആളുകളെ കൈയ്യിലെടുത്തിരിക്കുന്നത്. രാജ്യതലവന്റെ സ്ഥാനത്തെത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ വസ്ത്രധാരണരീതി ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഹാഫ്സ്ലീവ് കുര്‍ത്തകള്‍, നെഹ്‌റു ജാക്കറ്റുകള്‍ എന്നിവയെല്ലാം മോദിയുടെ പ്രിയപ്പെട്ട വസ്ത്രശേഖരത്തിലുണ്ട്. മോദി കുര്‍ത്ത എന്നൊരു ബ്രാന്‍ഡ് തന്നെ കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മോദിയുടെ ഒരു ഷോളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.
മഹാശിവരാത്രി ദിനത്തോടനുബന്ധിച്ച് കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷന്‍ സന്ദര്‍ശിച്ച് ശിവപ്രതിമ അനാവരണം ചെയ്യുന്നതിനായെത്തിയപ്പോള്‍ മോദി ധരിച്ച ഷോളിന് ഒരു കടുത്ത ആരാധികയെകിട്ടി. ശില്‍പി എന്നാണ് ആരാധികയുടെ പേര്. മോദിയുടെ ഷോള്‍ കണ്ട് കൊതി തോന്നിയ ശില്‍പി തനിക്ക് അത് വേണമെന്ന് ട്വീറ്റ് ചെയ്തു. പിന്നീടാണ് ശില്‍പിയെ പോലും ഞെട്ടിച്ചുകൊണ്ട് ആ സംഭവം നടന്നത്. അതിമനോഹരമായ ആ ഷോള്‍ മോദി സമ്മാനമായി അവള്‍ക്ക് അയച്ചുകൊടുത്തു. കൂടാതെ പെണ്‍കുട്ടിയുടെ ട്വീറ്റിന്റെ പ്രിന്റെടുത്ത് അതില്‍ തന്റെ ഒപ്പും വച്ച് അയക്കുകയും ചെയ്തു അദ്ദേഹം. ഇരുപത്തിയൊന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ശില്‍പി അടുത്ത ട്വീറ്റും ഇട്ടു. അതിങ്ങനെയായിരുന്നു, നരേന്ദ്രമോദി ഈ അനുഗ്രഹം എനിക്ക് അയച്ചിരിക്കുന്നു, ഇന്നലെ താന്‍ ഷോള്‍ വേണമെന്ന് ട്വീറ്റ് ചെയ്തിരുന്നു. താന്‍ സ്വപ്നം കാണുകയാണോ എന്നായിരുന്നു ശില്‍പിയുടെ ട്വീറ്റ്. ഒരു പ്രധാനമന്ത്രി നിങ്ങളുടെ ശബ്ദത്തെ ശ്രദ്ധിക്കുകയും പ്രതികരിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യുന്നത് വിശ്വസിക്കാനാവുമോ എന്നും ശില്‍പി ചോദിക്കുന്നു.