സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്! തെളിയുന്നത്, കള്ളപ്പണം തടയുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം പൊള്ളയെന്ന്; കണക്കുകളില്‍ നിന്ന് വ്യക്തമാവുന്ന കാര്യങ്ങളിതൊക്കെ

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50.2 ശതമാനത്തോളം വര്‍ധിച്ച് 7,000 കോടി രൂപയായി. ഇതോടെ നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം തടയുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം പൊള്ളയാണെന്ന് തെളിയുകയുമാണ്.

സ്വിസ് ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോദിയുടെ വാഗ്ദാനം.

സ്വിസ് നാഷണല്‍ ബാങ്ക് (എസ്.എന്‍.ബി.) വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ഷിക വിവര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2017 വര്‍ഷത്തെ തങ്ങളുടെ ആകെ നിക്ഷേപത്തില്‍ 3 % വളര്‍ച്ച രേഖപ്പെടുത്തിയതായും സ്വിസ് നാഷണല്‍ ബാങ്ക് പുറത്തിറക്കിയ കണക്കില്‍ പറയുന്നു.

2016 ല്‍ ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 4500 കോടിയായി കുറഞ്ഞിരുന്നു. എന്നാല്‍ 2017 ലെത്തിയപ്പോള്‍ ഇത് 7,000 കോടിയായി വര്‍ധിക്കുകയായിരുന്നു. കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ഉടനടി കൈമാറുന്നതിന് സ്വിസ് സര്‍ക്കാരും ഇന്ത്യയുമായി ധാരണയായതിന് പിന്നാലെയാണ് നിക്ഷേപം വര്‍ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഇപ്പോള്‍ പുറത്തുവിട്ട കണക്കുകളില്‍ ഇന്ത്യക്കാരുടെയും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കണക്കുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റു രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ പേരില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചേക്കാവുന്ന തുകയുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Related posts