വെബ് ഡെസ്ക്
രണ്ടാഴ്ച്ച മുമ്പ് അധികമാരും ശ്രദ്ധിക്കാത്ത ഒരു വാര്‍ത്തക്കുറിപ്പ് ഇറങ്ങി. വാര്‍ത്തകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഇന്ദ്രപ്രസ്ഥനത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ആ കുറിപ്പിന് വലിയ പ്രാധാന്യം നല്കിയിരുന്നില്ല. മന്ത്രിസഭ യോഗങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന ആ കുറിപ്പിന് അതില്‍ക്കൂടുതല്‍ പ്രാധാന്യം നല്‌കേണ്ട ആവശ്യവും ഇല്ലായിരുന്നു. ആറുമാസം മുമ്പ് കള്ളപ്പണത്തിനെതിരേ തുടങ്ങിയ യുദ്ധത്തിന്റെ രഹസ്യങ്ങള്‍ ചോരാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ നിര്‍ദേശമായിരുന്നു അത്. കള്ളനോട്ടിനെതിരായ യുദ്ധത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഇങ്ങനെ…
കള്ളപ്പണത്തിനെതിരായ പോരാട്ടം തുടങ്ങിയ സമയത്ത് തന്നെ കള്ളനോട്ടുകള്‍ക്കെതിരായ നടപടിക്കും തുടക്കം കുറിച്ചിരുന്നു. രഹസ്യമായ പടയൊരുക്കത്തിനുശേഷം ശത്രുവിനെ ആക്രമിക്കുകയെന്ന തന്ത്രമാണ് ഇവിടെയും സ്വീകരിച്ചതെന്ന് മാത്രം. തീവ്രവാദികള്‍ രാജ്യത്തേക്ക് കടത്തിവിട്ട കോടിക്കണക്കിനു രൂപയുടെ നോട്ടുകളെ അപ്രസക്തമാക്കണമെങ്കില്‍ എന്തു ചെയ്യണം. അവയുടെ മൂല്യം ഇല്ലാതാക്കണം. അതുതന്നെയായിരുന്നു ആദ്യ ഘട്ടത്തില്‍ പരിഗണിച്ചത്. പകരം ഇറക്കേണ്ട നോട്ടുകളുടെ ഡിസൈനും അനുമതിയും ലഭിക്കുന്നത് മേയ് അവസാനത്തോടെയാണ്. പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശം കിട്ടിയയുടനെ മൈസൂരിലെ മേതഹള്ളിയിലെ റിസര്‍വ് ബാങ്കിന്റെ നോട്ട് മുദ്രാന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ പുതിയ നോട്ടുകളുടെ അച്ചടി ആരംഭിച്ചു. ആയുധധാരികളായ സ്‌പെഷല്‍ കമാന്‍ഡോകളുടെ സംരക്ഷണത്തിലാണ് എപ്പോഴും ഇവിടം. പുതിയ നോട്ടിന്റെ അച്ചടിയില്‍ സുരക്ഷ വര്‍ധിപ്പിച്ചെങ്കിലും പ്രസിലെ ജോലിക്കാര്‍ പോലും അതറിഞ്ഞില്ലെന്നുമാത്രം.
മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ആദ്യഘട്ടം പിന്നിട്ടു. ചൊവ്വാഴ്ച്ച നടന്ന കേന്ദ്രമന്ത്രിസഭ യോഗത്തില്‍ മോദി തീരുമാനം സഹപ്രവര്‍ത്തകരെ അറിയിക്കുന്നു. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ക്ക് മാത്രമായിരുന്നു നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെപ്പറ്റി മുന്‍കൂട്ടി അറിയാമായിരുന്നത്. ഇവരെ മാത്രം വിശ്വാസത്തിലെടുക്കാനാണ് മോദി താല്പര്യപ്പെട്ടിരുന്നതെന്നതാണ് വാസ്തവം. വൈകുന്നേരം 6.45ഓടേ കേന്ദ്രമന്ത്രിസഭ യോഗം തുടങ്ങിയ സമയത്ത് തന്നെ റിസര്‍വ് ബാങ്ക് ഗവര്‍ണറും മറ്റൊരു യോഗം വിളിച്ചിരുന്നു. തീരുമാനം സഹപ്രവര്‍ത്തകരെ അറിയിക്കാന്‍. തൊട്ടുപിന്നാലെ രാഷ്ട്രപതിയെ കണ്ട് തീരുമാനം അറിയിച്ചു. പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് കാര്യങ്ങള്‍ രാജ്യത്തോട് വിളിച്ചുപറഞ്ഞു. ഇതിനു മുമ്പ് തന്നെ റിസര്‍വ് ബാങ്കിന്റെ കൊച്ചിയിലെ അടക്കമുള്ള കേന്ദ്രങ്ങളിലേക്ക് പുതിയ നോട്ടുകള്‍ എത്തിയിരുന്നു.