നിയാസ് മുസ്തഫ
ഇങ്ങനെ പോയിട്ട് ഒരു കാര്യവുമില്ലെന്ന് ഒടുവിൽ ശിവസേനയ്ക്കും തോന്നിത്തുടങ്ങി. ഒന്നുകിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പതിവുപോലെ ബിജെപിയുമായി സഖ്യത്തിൽ മത്സരിക്കുക, അല്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കുക. രണ്ടിലൊരു തീരുമാനം ഉടൻ വേണമെന്ന് ബിജെപിയെപ്പോലെ ശിവസേനയും ആഗ്ര ഹിച്ചു തുടങ്ങി.
ഇതിന്റെ ഭാഗമായി ഇന്ന് മുംബൈയിൽ ശിവസേനാ തലവൻ ഉദ്ധവ് താക്കറെ എംപിമാരുടെയും പാർട്ടി നേതാക്കളുടെയും യോഗം സ്വന്തം വസതിയിൽ വിളിച്ചുചേർത്തിട്ടുണ്ട്. ഈ യോഗത്തിൽ ബിജെപിയുമായി സഖ്യം വേണോ, വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തത വരും. ബിജെപിയും ഇന്ന് മുംബൈയിൽ യോഗം ചേരുകയാണ്. ശിവസേനയുമായുള്ള സഖ്യമാണ് ബിജെപിയുടെയും മുഖ്യ ചർച്ച.
മഹാരാഷ്ട്രയിൽ ആകെ 48 ലോക്സഭാ സീറ്റാണ് ഉള്ളത്. 2014ലെ പൊതു തെരഞ്ഞെടുപ്പിൽ 41 സീറ്റുകളിൽ ശിവസേന-ബിജെപി സഖ്യം ജയിച്ചിരുന്നു. ഇതിൽ 18 സീറ്റ് ശിവസേനയും 23 സീറ്റ് ബിജെപിയും നേടി. 2019ലെ തെരഞ്ഞെടുപ്പിൽ ശിവസേനയുമായി സഖ്യം വന്നാൽ ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാക്കാനാകുമെന്ന തരത്തിൽ ബിജെപിയുടെ ആഭ്യന്തര സർവേ പുറത്തുവന്നതാണ് ശിവസേനയുമായി എങ്ങനെയും സഖ്യത്തിലാവാൻ ബിജെപിയെ പ്രേരിപ്പിക്കുന്നത്.
എന്നാൽ മഹാരാഷ്ട്ര നിയമസഭയിൽ ബിജെപിയുമായി ശിവസേന സഖ്യത്തിൽ ഭരിക്കുന്പോൾ തന്നെ കേന്ദ്രത്തിൽ ഇനി ബിജെപിയുമായി ഒരു തരത്തിലും കൂട്ടുകെട്ട് വേണ്ടായെന്ന നിലപാടാണ് അവർക്കുള്ളത്.കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കിട്ടുന്ന അവസരത്തിലൊക്കെ ഉദ്ധവ് താക്കറെ വിമർശിക്കുന്നത് പതിവായിരുന്നു.
പ്രതിപക്ഷത്തേക്കാൾ മൂർച്ചയുള്ള തരത്തിലായിരുന്നു പലപ്പോഴും ഉദ്ധവ് താക്കറെയുടെ വിമർശനം പോയിരുന്നത്. ഇതോടൊപ്പം രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിക്കാനും ഉദ്ധവ് സമയം കണ്ടെത്തി. ഏറ്റവും ഒടുവിൽ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെയും ശിവസേന സ്വാഗതം ചെയ്യുന്നതാണ് കണ്ടത്.
മഹാരാഷ്ട്രയിൽ ഒറ്റയ്ക്കു മത്സരിക്കുന്നതു കൂടാതെ ജമ്മു-കാഷ്മീർ, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മത്സരിക്കാനും ശിവസേനയ്ക്ക് പ്ലാനുണ്ട്. ഉത്തർപ്രദേശിൽ 25 സീറ്റിലും ബിഹാറിൽ പത്തു സീറ്റിലും ജമ്മു-കാഷ്മീരിൽ ഒരു സീറ്റിലും മത്സരിക്കാനാണ് ശിവസേന പ്ലാൻ ചെയ്യുന്നത്.
കേന്ദ്രത്തിൽ ബിജെപി ഇനി അധികാരത്തിലെത്തില്ലായെന്ന നിഗമനവും ശിവസേനയ്ക്കുണ്ട്. സഖ്യമായി മത്സരിച്ച് അധികാരത്തിൽ വന്നില്ലായെങ്കിൽ ശിവസേനയ്ക്ക് നേട്ടമുണ്ടാക്കാൻ കഴിയില്ലായെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്.
ഒറ്റയ്ക്കു നിന്ന് മത്സരിക്കുകയും തൂക്കു സഭ വരികയും ചെയ്താ ൽ വിലപേശൽ കക്ഷിയായി നിലകൊള്ളാമെന്ന് ശിവസേന കണക്കുകൂട്ടുന്നു. കോൺഗ്രസിന് പ്രാമുഖ്യമുള്ള സർക്കാർ വന്നേക്കാ മെന്നും അവർ വിലയിരുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കോൺഗ്രസിനെ ഒളിഞ്ഞും തെളിഞ്ഞും ശിവസേന നേതൃത്വം പുകഴ്ത്തുന്നതെന്നും ചർച്ചയുണ്ട്.
രാമക്ഷേത്ര നിർമാണം ഉൾപ്പെടെയുള്ള വിഷയത്തിൽ നിന്ന് ബിജെപി സർക്കാർ പിന്നോട്ട് പോയതാണ് ശിവസേന-ബിജെപി ബന്ധത്തെ ഏറ്റവും കൂടുതൽ ബാധിച്ചത്. ഇതു കൂടാതെ മഹാരാഷ്ട്രയിൽ ശിവസേനയുടെ വോട്ടുബാങ്കുകൾ ബിജെപി കൈക്കലാക്കുന്നതായും ശിവസേന ആരോപിക്കുന്നുണ്ട്. ഇങ്ങനെ പോയാൽ മഹാരാഷ്ട്രയിൽ തങ്ങൾ അപ്രസക്തമാകുമെന്നും അഭിപ്രായമുള്ള നേതാക്കൾ ശിവസേനയിലുണ്ട്.
എന്തായാലും ശിവസേനയെ എങ്ങനെയും മെരുക്കിയെടുക്കണമെന്ന നിലപാടാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനുളളത്. ഇതിന്റെ ഭാഗമായി ബാൽതാക്കറേ സ്മാരകം പണിയാൻ മഹാരാഷ്ട്ര സർക്കാർ 100കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ സ്മാരകം പണിയാൻ ഫണ്ട് അനുവദിച്ചതും സഖ്യവുമായി ബന്ധമില്ലായെന്ന നിലപാടാണ് ശിവസേനയ്ക്കുള്ളത്.
ഇതേസമയം, തെരഞ്ഞെടുപ്പിന് വിജ്ഞാപനം വരാൻ അധികസമയം ഇല്ലായെന്നുള്ളതിനാൽ അറ്റകൈ പ്രയോഗം എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദമോദി ഉദ്ധവ് താക്കറേയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.
ശിവസേനയുടെയും ബിജെപിയുടെയും ഇന്നത്തെ യോഗത്തിൽ സഖ്യം സംബന്ധിച്ച് വ്യക്തമായ തീരുമാനം പുറത്തുവരുമെന്നു തന്നെയാണ് വിവരം.