നിയാസ് മുസ്തഫ
മഹാരാഷ്ട്രയിൽ ബിജെപി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ശിവസേനയെ വരുതിയിലാക്കാൻ കഴിയുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ, ശിവസേന ഇടഞ്ഞുനിൽക്കുന്നത് ബിജെപിക്ക് അത്ര ഗുണകരമല്ല. ശിവസേന ഒപ്പമുണ്ടെങ്കിൽ ബിജെപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടാനാവുമെന്നാണ് ബിജെപി നടത്തിയ ആഭ്യന്തര സർവേയിൽ വ്യക്തമായത്. ഈ സാഹചര്യത്തിൽ പല വിധത്തിലും ശിവസേനയെ അനുനയിപ്പിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഏറ്റവും ഒടുവിൽ അറ്റകൈ പ്രയോഗം എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ പ്രശ്നപരിഹാരത്തിന് സമീപിച്ചിരിക്കുകയാണ് ബിജെപി കേന്ദ്രനേതൃത്വം. ഈ മാസം 23ന് പ്രധാനമന്ത്രി മഹാരാഷ്്ട്രയിൽ എത്തുന്നുണ്ട്. മുംബൈ- നാഗ്പൂർ എക്സ്പ്രസ് വേയ്ക്ക് തറക്കല്ലിടുന്നതിനാണ് പ്രധാനമന്ത്രി എത്തുന്നത്. ബാൽതാക്കറേ സ്മാരകത്തിനും അദ്ദേഹം തറക്കല്ലിടുന്നുണ്ട്.
ശിവസേനയെ അനുനയിപ്പിക്കാൻ എക്സ്പ്രസ് വേയ്ക്ക് ബാൽ താക്കറേയുടെ പേര് ഇടുന്നതിനെക്കുറിച്ചും ബിജെപി ആലോചിക്കുന്നുണ്ട്. ചടങ്ങിലേക്ക് ഉദ്ധവ് താക്കറേയെ ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം ഉദ്ധവ്-മോദി കൂടിക്കാഴ്ച നടക്കും. ഈ കൂടിക്കാഴ്ചയിൽ ശിവസേന ബിജെപിയോടുള്ള നിലപാട് മയപ്പെടുത്തുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.
മഹാരാഷ്ട്രയിൽ എൻസിപിയും കോൺഗ്രസും തമ്മിൽ സഖ്യത്തിലായതും ബിജെപിക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതോടൊപ്പം ഏറ്റവും കൂടുതൽ ലോക്സഭാ എംപിമാരെ സൃഷ്ടിക്കുന്ന സംസ്ഥാനമായ ഉത്തർപ്രദേശിൽ കോൺഗ്രസ് തനിച്ചു മത്സരിക്കുന്നതും സമാജ് വാദി പാർട്ടി-ബിഎസ്പി സഖ്യം വന്നതും ബിജെപിക്ക് തലവേദനയായിട്ടുണ്ട്. ഇത്തരം ഘട്ടത്തിൽ ബിജെപിയും ശിവസേനയും മഹാരാഷ്ട്രയിൽ ഒറ്റയ്ക്ക് മത്സരിച്ചാൽ അത് ബിജെപിക്ക് ഗുണം ചെയ്യില്ല.
എന്തൊക്കെ കുറ്റം പറഞ്ഞാലും കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നില്ലെങ്കിൽ അത് ശിവസേനയുടെ ഭാവിയേയും ദോഷകരമായി ബാധിക്കും. ഇതു മനസിലാക്കി ബിജെപിയും ശിവസേനയും രമ്യതയിൽ വരാനാണ് സാധ്യത തെളിയുന്നത്. കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ അമിത് ഷാ മഹാരാഷ്ട്രയിൽ തനിച്ചു മത്സരിക്കുന്നതിന് തയ്യാറെടുക്കാൻ ബിജെപി നേതാക്കളോടും പ്രവർത്തകരോടും ആഹ്വാനം ചെയ്തിരുന്നു.
ശിവസേനാ നേതാവ് ഉദ്ധവ് താക്കറേയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അനൗദ്യോഗിക ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് വിവരം. കേന്ദ്രത്തിലും നിയമസഭയിലും ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്ന ശിവസേന വരുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തനിച്ചുമത്സരിക്കണമെന്ന നിലപാടിലാണ് ഇപ്പോഴുള്ളത്. എന്നാൽ കേന്ദ്രത്തിലും മഹാരാഷ്ട്രയിലുമുള്ള ബിജെപി മന്ത്രിസഭയിൽനിന്ന് പാർട്ടി അംഗങ്ങൾ രാജിവെച്ചിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.
ശിവസേനയെ പിന്തള്ളി മഹാരാഷ്ട്രയിൽ ആധിപത്യമുറപ്പിക്കാൻ ബിജെപി ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ശ്രമങ്ങളാണ് 25 വർഷം നീണ്ട സഖ്യം അവസാനിപ്പിക്കാൻ ശിവസേനയെ നിർബന്ധിതരാക്കിയത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശിവസേനയുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി മത്സരിച്ചത്. എന്നാൽ തൊട്ടുപിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുവരും തനിച്ചു മത്സരിച്ചു. ആർക്കും ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടിയില്ല.
എങ്കിലും ബിജെപി നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മറ്റു മാർഗമില്ലാതെ വന്നതോടെ ശിവസേന മന്ത്രിസഭയിൽ പങ്കാളിയുമായി. ഭരണത്തിൽ പങ്കാളിയായി തുടരുന്നതോടൊപ്പം ബിജെപിയുടെ ഏറ്റവും വലിയ വിമർശകരായി ശിവസേന മാറുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശക്തമായി വിമർശിക്കുന്നയാളാണ് ശിവസേന തലവൻ ഉദ്ധവ് താക്കറേ.
ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭ എംപിമാരെ സൃഷ്ടിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. 48 ലോക്സഭാ സീറ്റാണ് മഹാരാഷ്ട്രയിലുള്ളത്.