സ്വന്തം ലേഖകൻ
തൃശൂർ: റിപ്പബ്ലിക് ദിനാഘോഷവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂർ സന്ദർശനവും പ്രമാണിച്ച് അടുത്തയാഴ്ച തൃശൂർ നഗരം കനത്ത സുരക്ഷ വലയത്തിലാകും. റിപ്പബ്ലിക് ദിനത്തിന്റെ തൊട്ടടുത്ത ദിവസമാണ് പ്രധാനമന്ത്രി തൃശൂരിലെത്തുന്നത്. യുവമോർച്ച സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. നായ്ക്കനാൽ ഭാഗത്താണ് മോദിയുടെ പരിപാടിക്കായി വേദിയൊരുക്കാൻ പോലീസ് നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
2015ൽ പ്രധാനമന്ത്രി വന്നപ്പോഴും ഇവിടെയാണ് വേദിയൊരുക്കിയത്. അന്ന് വിദ്യാർത്ഥി കോർണറിൽ വേദിയൊരുക്കാനുള്ള തീരുമാനത്തെ പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം എതിർക്കുകയും വിദ്യാർഥി കോർണറിൽ ധാരാളം മരങ്ങളും മറ്റുമുള്ളതിനാൽ സുരക്ഷ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വേദി മാറ്റാൻ എസ്പിജി-എൻഎസ്ജി കമാൻഡോകൾ ആവശ്യപ്പെടുകയുമായിരുന്നു.
ഇതെത്തുടർന്നാണ് വേദി നായ്ക്കനാൽ ഭാഗത്തേക്ക് മാറ്റിയത്. അതുകൊണ്ടുതന്നെ ഇത്തവണ പോലീസ് ആദ്യമേ ചൂണ്ടിക്കാണിച്ച് നിർദ്ദേശിച്ചത് 2015ലെ വേദിയാണ്.വിദ്യാർഥി കോർണറിൽ വർഷങ്ങളായി റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നതിനാൽ 26ന് ഈ സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കാനാവില്ല.
പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന സ്ഥലം ഒരാഴ്ച മുൻപ് സുരക്ഷാവിഭാഗത്തിന്റെ കസ്റ്റഡിയിലാകും. അതിനാൽ തിങ്കളാഴ്ചയോടെ നായ്ക്കനാൽ വേദി കമാൻഡോ നിരീക്ഷണത്തിലാകും.അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ സന്ദർശിക്കുമെന്ന സൂചനയും വന്നിട്ടുണ്ട്. ഇതിനായി പോലീസ് റൂട്ട് മാപ്പ് തയ്യാറാക്കുന്നുണ്ട്.