തൃശൂർ: പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ റാലി സ്വരാജ് റൗണ്ടിൽ നടത്തില്ല. പകരം തൃശൂർ കോവിലകത്തുംപാടം ജില്ല സഹകരണ ഹെഡ് ഓഫീസിനു മുന്നിലുള്ള ഗ്രൗണ്ടിൽ നിന്നാരംഭിച്ച് അശ്വനി ജംഗ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ അവസാനിപ്പിക്കാനാണ് തീരുമാനം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തൃശൂർ കോർപ്പറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിലാണ് 26ന് വൈകീട്ട് മൂന്നിന് റാലി സംഘടിപ്പിക്കുന്നത്.
സാധാരണയായി തൃശൂർ കോർപ്പറേഷൻ ഓഫീസിന്റെ മുന്നിൽ നിന്ന് ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി വിദ്യാർത്ഥി കോർണറിലാണ് റിപ്പബ്ലിക് റാലി അവസാനിക്കാറുള്ളത്. എന്നാൽ 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ വരുന്നത് പ്രമാണിച്ച് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഈ റാലി നടത്താൻ അസൗകര്യമുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതിനെ തുടർന്നാണ് റാലിയുടെ റൂട്ട് മാറ്റിയത്.
റാലിയിൽð ജില്ലയിലെ എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുടുംബശ്രീ, വ്യാപാരി വ്യവസായി സംഘടനകൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവർക്കും വിവിധ കലാകായിക സാംസ്കാരിക സംഘടനകൾക്കും ക്ലബ്ബുകൾക്കും പങ്കെടുക്കാം.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകൾക്ക് ട്രോഫികൾ നൽകും. റാലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ നാളെ ഉച്ചക്ക് രണ്ടിനു മുന്പായി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുടെ ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണമെന്ന് മേയർ അറിയിച്ചു.