ന്യൂഡൽഹി: മോദിയെ ഭിന്നിപ്പിന്റെ മേധാവിയെന്നു വിശേഷിപ്പിക്കുന്ന ടൈം മാസികയുടെ കവർ സ്റ്റോറിക്കെതിരേ ബിജെപി. ലേഖകൻ പാക്കിസ്ഥാനിയാണെന്നും മോദിയെ അപമാനിക്കുന്നതിനുള്ള പാക് അജൻഡയുടെ ഭാഗമാണിതെന്നും ബിജെപി വക്താവ് സാന്പിത് പാത്ര പറഞ്ഞു. പാക്കിസ്ഥാൻകാരനായ ആതിഷ് തസീറാണ് “ഇന്ത്യാസ് ഡിവൈഡർ ഇൻ ചീഫ്’ എന്ന കവർ സ്റ്റോറി എഴുതിയത്.
ആതിഷ് ഇന്ത്യൻ മാധ്യമപ്രവർത്തക തവ്ലീൻ സിംഗിന്റെയും പാക് രാഷ്ട്രീയ പ്രവർത്തകനും ബിസിനസുകാരനുമായിരുന്ന അന്തരിച്ച സൽമാൻ തസ്വീറിന്റെയും മകനാണ്. 2104 -ലും മോദിയെ വിമർശിച്ച് നിരവധി വിദേശമാധ്യമങ്ങൾ എഴുതിയിരുന്നു. മോദിയുടെ കീഴിൽ ഇന്ത്യ നവീകരിക്കപ്പെടുകയാണെന്ന് കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ ചൂണ്ടിക്കാട്ടി പാത്ര പറഞ്ഞു.
മോദിക്കെതിരേ വിമർശനം ഉന്നയിച്ച സിദ്ദുവിനെയും പാത്ര ആക്രമിച്ചു. മോദിയുടെ ഭരണത്തെ സ്വാതന്ത്ര്യത്തിനു മുന്പുള്ള ബ്രിട്ടീഷുകാരുടെ ഭരണവുമായി താരതമ്യം ചെയ്ത സിദ്ദു സാം പിത്രോദയുടെ പരാമർശത്തെക്കുറിച്ച് എന്താണു പറയാത്തതെന്നും അദ്ദേഹം ചോദിച്ചു. സിക്ക് കൂട്ടക്കൊലയെക്കുറിച്ച് “സംഭവിച്ചതു സംഭവിച്ചു’ എന്നുള്ള സാം പിത്രോദ നടത്തിയ പരാമർശം വിവാദമായിരുന്നു.