ദഹോദ്: സർക്കാർ ശൗചാലയങ്ങൾ നിർമിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയല്ല, രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കു വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സർക്കാർ വന്പൻ വ്യവസായികൾക്കു വേണ്ടിയാണു പണിയെടുക്കുന്നതെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണത്തിനു മറുപടി നൽകുകയായിരുന്നു മോദി.
കക്കൂസുകൾ നിർമിക്കുന്ന പ്രവർത്തനവുമായി എന്റെ സർക്കാർ മുന്നോട്ടു പോകുകയാണ്. പ്രകൃതിയുടെ വിളിക്കായി തുറസായ സ്ഥലത്ത് കാത്തിരിക്കുന്നത് സന്പന്നരല്ല. അംബാനിയോ അദാനിയോ അങ്ങനെ ചെയ്യാറുണ്ടോ?. ഇത് രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കു വേണ്ടിയാണ്. സർക്കാർ വൈദ്യുതി നൽകുന്നത് രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കു വേണ്ടിയാണ്- ഗുജറാത്തിലെ ആദിവാസി ഭൂരിപക്ഷ മേഖലയായ ദഹോദിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറയുന്നു.
വൻ വ്യവസായികളായ അംബാനിയും അദാനിയുമായുള്ള ബന്ധത്തിന്റെ പേരിൽ മോദി ഏറെ പഴികേൾക്കുന്നുണ്ട്. ഈ ആരോപണങ്ങൾ കോണ്‍ഗ്രസും പ്രതിപക്ഷവും കൃത്യമായ ഇടവേളകളിൽ ഉന്നയിക്കുകയും ചെയ്യുന്നു. ഇതിനെ മറികടക്കാനാണ് മോദി അംബാനിയുടെയും അദാനിയുടെയും പേരെടുത്തുപറഞ്ഞു പ്രസ്താവന നടത്തിയത്.