പ്രധാനമന്ത്രി നരേന്ദ്രമോദി, 2014 മുതല്‍ ഇന്നുവരെ നടത്തിയിട്ടുള്ള വിദേശ യാത്രകളുടെ ആകെച്ചിലവ് 2000 കോടിയ്ക്ക് മുകളിലെന്ന് റിപ്പോര്‍ട്ട്. 2014 ജൂണ്‍ 15 മുതല്‍ 2018 ഡിസംബര്‍ മൂന്ന് വരെയുള്ള കാലഘട്ടത്തില്‍ മോദി നടത്തിയ യാത്രകളുടെ ചെലവുകളെക്കുറിച്ച് രാജ്യസഭയില്‍, എക്സ്റ്റേണല്‍ അഫയേഴ്സ് മിനിസ്റ്റര്‍ വി.കെ. സിംഗാണ്, വിവരങ്ങള്‍ നല്‍കിയത്.
2014 മുതല്‍ നരേന്ദ്രമോദി സന്ദര്‍ശിച്ചിട്ടുള്ള രാജ്യങ്ങളുടെ എണ്ണവും പേരും വ്യക്തമാക്കാന്‍ കേരളത്തില്‍ നിന്നുള്ള ബിനോയ് വിശ്വം എംപിയാണ് രാജ്യസഭയില്‍ ആവശ്യപ്പെട്ടത്. യാത്രയില്‍ മോദിയെ അനുഗമിച്ച മന്ത്രിമാരുടെ പേരു വിവിരങ്ങള്‍, ആ സമയങ്ങളില്‍ ഒപ്പു വച്ച പ്രസ്താവനകള്‍, എയര്‍ ഇന്ത്യയ്ക്ക് കൊടുത്ത തുക എന്നിവയുടെയെല്ലാം വിശദാംശങ്ങള്‍ ബിനോയ് വിശ്വം എംപി ചോദിച്ചിരുന്നു.
അധികാരത്തിലേറിയതിന് ശേഷം 84 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള മോദി വിദേശയാത്രകള്‍ക്കായി ചെലവഴിച്ചത് 1,484 കോടിയാണെന്ന് ജൂണില്‍ സിംഗ് രാജ്യസഭയില്‍ അറിയിച്ചിരുന്നു. അതുവച്ച് നോക്കിയാല്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ആറ് ട്രിപ്പുകള്‍ കൂടി നരേന്ദ്രമോദി നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോദി ഏറ്റവും കൂടുതല്‍ ആക്ഷേപങ്ങളും ആരോപണങ്ങളും കേട്ടിട്ടുള്ളത് അദ്ദേഹത്തിന്റെ വിദേശയാത്രാ ഭ്രമത്തിന്റെ പേരിലാണെന്ന വസ്തുത നിലനില്‍ക്കുമ്പോഴാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയും യാത്രകള്‍ നടത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.