അമേരിക്ക-റഷ്യ-ഇന്ത്യ അച്ചുതണ്ടിന് സാധ്യത, ലോകസമവാക്യങ്ങള്‍ മാറിമറിയും, പുടിന്‍ കൂടുതല്‍ കരുത്തനാകും, ട്രംപിന്റെ ജയം മാറ്റിമറിക്കുന്നത് ഇക്കാര്യങ്ങള്‍

എം.ജി. ലിജോ
modi trump
വൈറ്റ് ഹൗസിലേക്ക് ഡോണാള്‍ഡ് ട്രംപ് കയറുമ്പോള്‍ ലോകക്രമത്തിലും മാറ്റങ്ങളുടെ വേലിയേറ്റമുണ്ടാകും. പാശ്ചാത്യലോകത്തിനൊപ്പം നിലകൊണ്ട അമേരിക്ക ഇനി റഷ്യയുടെ കൂടെ ചങ്ങാതിയാകുമെന്നതാണ് അതിലേറ്റവും പ്രധാനം. ശീതയുദ്ധകാലം മുതല്‍ അമേരിക്കന്‍ ഭരണാധികാരികള്‍ റഷ്യയുമായി അത്ര മികച്ച ബന്ധം കാത്തു സൂക്ഷിക്കാന്‍ താല്പര്യപ്പെട്ടിരുന്നില്ല. റഷ്യയെ ഒതുക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഒബാമ വരെയുള്ള ഭരണാധികാരികള്‍ ഉപയോഗിച്ചിട്ടുമുണ്ട്. സിറിയന്‍ വിഷയത്തിലുള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തോളമെത്തിയ സംഘര്‍ഷങ്ങള്‍ നടന്നത് അടുത്തകാലത്താണ്. വേണ്ടിവന്നാല്‍ ഒരു മൂന്നാംലോകമഹായുദ്ധത്തിനു മടിക്കില്ലെന്നുവരെ റഷ്യ പറയാതെ പറഞ്ഞു. അമേരിക്കയെയും സഖ്യകക്ഷികളായ പാശ്ചാത്യലോകത്തെയും ലക്ഷ്യമിട്ടായിരുന്നു പുടിന്റെ നീക്കങ്ങളെല്ലാം.

എന്റെ ഉറ്റചങ്ങാതിക്ക് എല്ലാവിധ ആശംസകളുമെന്നാണ് ട്രംപിന്റെ ജയത്തെക്കുറിച്ച് പുടിന്റെ ആദ്യ പ്രതികരണം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കൊടിയേറിയപ്പോള്‍ മുതല്‍ ഹിലാരി ക്യാമ്പ് പുടിനും റഷ്യയ്ക്കുമെതിരേ ആരോപണങ്ങളുന്നയിച്ചിരുന്നു. ഇമെയ്ല്‍ വിവാദത്തിനു പിന്നില്‍ റഷ്യയാണെന്നുവരെ ഡെമോക്രാറ്റിക്കുകള്‍ ആരോപിച്ചു. എന്നാല്‍, ട്രംപ് വരുന്നതോടെ റഷ്യയുമായുള്ള ബന്ധത്തില്‍ ഒരു യു ടേണ്‍ പ്രതീക്ഷിക്കാം. സുഹൃത് രാഷ്ട്രമെന്ന് റഷ്യയെ വിശേഷിപ്പിച്ചാലും അതിശയിക്കേണ്ടതില്ല. അത്രത്തോളം അടുത്തബന്ധമാണ് ട്രംപും പുടിനും തമ്മില്‍. ചിന്താഗതിയിലും ആശയങ്ങളിലും ഇരുവരും തമ്മില്‍ സാമ്യമുണ്ട്. ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരതയ്‌ക്കെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ചയാളാണ് പുടിന്‍. മുസ്‌ലിം, കുടിയേറ്റവിരുദ്ധ നിലപാടുകളാണ് ട്രംപിന്റേതും.

ഇന്ത്യയുമായുള്ള ബന്ധത്തിലും ട്രംപ് അതീവതല്പരനാണ്. തെരഞ്ഞെടുപ്പ് വേദികളില്‍ മോദിയെയും ഇന്ത്യയെയും പ്രശംസിക്കാന്‍ അദ്ദേഹം ഒരിക്കലും പിശുക്കു കാണിച്ചിട്ടില്ല. ജോര്‍ജ് ഡബ്ല്യു ബുഷിന്റെ കാലത്ത് ഇന്ത്യ-യുഎസ് ബന്ധം ദൃഡമായിരുന്നു. പിന്നീട് ബാറക് ഒബാമ വന്നപ്പോള്‍ ഇഴയടുപ്പത്തില്‍ കുറവുണ്ടാകുകയും ചെയ്തു. ഫലത്തില്‍ ഇന്ത്യയ്ക്കും ഗുണകരമാണ് ട്രംപിന്റെ വരവ്. പ്രത്യേകിച്ച് തീവ്രവാദത്തിനെതിരായ പോരാട്ടത്തിലും പാക്, ചൈനീസ് കൂട്ടുകെട്ടിനെതിരേയും. ചൈനീസ് വിരുദ്ധനാണ് ട്രംപ്. ചൈനക്കെതിരായുള്ള പോരാട്ടത്തില്‍ അമേരിക്കയുടെയും റഷ്യയുടെയും പിന്തുണ ഇന്ത്യക്ക് ഉപകരിക്കും.

പലരും ലോക സമാധാനത്തിന് ഭീഷണിയെന്ന നിലയിലാണ് ട്രംപിനെ കാണുന്നത്. എന്നാല്‍ ഏകപക്ഷീയമായ നിലപാടുകള്‍ പുതിയ പ്രസിഡന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകരാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താല്പര്യമെന്നാണ് വിജയത്തിനുശേഷം ട്രംപ് പറഞ്ഞത്. എന്തുതന്നെയായാലും നാളെയുടെ ലോകക്രമത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ പാര്യപ്തമാണ് ട്രംപിന്റെ സ്ഥാനാരോഹണമെന്നതില്‍ സംശയമില്ല. ബാക്കിയെല്ലാം കാത്തിരുന്ന് കാണാം.

Related posts