വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും പുരോഗതിക്ക് വേണ്ടി ഒരുമിച്ച് മുന്നേറുമെന്നും ഇന്ത്യയും അമേരിക്കയും ഇരട്ടി വേഗത്തിൽ ഒരുമിച്ച് മുന്നോട്ട് നീങ്ങുമെന്നും മോദി പറഞ്ഞു.
ട്രംപുമായി യോജിച്ചു പ്രവർത്തിച്ച് ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ ട്രംപ് അഭിനന്ദിച്ചു.
മോദി അടുത്ത സുഹൃത്താണ്. കഴിഞ്ഞ നാല് വർഷവും സൗഹൃദം നിലനിർത്തി. മികച്ച വ്യാപാര ബന്ധവും കരാറുകളും ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റായി രണ്ടാം തവണ ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. വൈറ്റ്ഹൗസിൽവച്ചായിരുന്നു നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നേരത്തെ അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യവസായിയും യുഎസ് സർക്കാർ ഏജൻസി ഡിപാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ തലവനുമായ ഇലോൺ മസ്കുമായി ചർച്ച നടത്തിയിരുന്നു.