ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രിയപ്പെട്ട സുഹൃത്ത് ഡോണൾഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങൾ. താങ്കളോടൊത്തുള്ള സഹകരണത്തിന് കാത്തിരിക്കുന്നു എന്ന് മോദി പറഞ്ഞു. എക്സിലാണ് ട്രംപിന് ആശംസകൾ നേർന്ന് മോദി പോസ്റ്റ് പങ്കുവച്ചത്.
ഇരു രാജ്യങ്ങളുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങൾ ഭാവിയിലും തുടരാൻ ഞാൻ ആഗ്രിക്കുന്നു. രണ്ട് രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കാനും, ഒരു പുതു ലോകത്തിന് രൂപം നൽകാനും ഞാൻ ആഗ്രിക്കുന്നു. വിജയകരമായ മറ്റൊരു ഭരണകാലം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു’ എന്ന് മോദി കുറിച്ചു.
അതേസമയം,അമേരിക്കയ്ക്ക് സുവർണ യുഗപ്പിറവി പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ് 47-ാമത് പ്രസിഡന്റായി സ്ഥാനമേറ്റു. ഇന്നലെ അമേരിക്കൻ സമയം ഉച്ചയ്ക്ക് 12ന് (ഇന്ത്യൻ സമയം രാത്രി 10.30) വാഷിംഗ്ടൺ ഡിസിയിലെ യുഎസ് കാപിറ്റോളിൽ നടന്ന ഹ്രസ്വവും പ്രൗഢഗംഭീരവുമായ ചടങ്ങിൽ വിവിധ വിദേശരാജ്യത്തലവന്മാർ, അമേരിക്കയുടെ മുൻ പ്രസിഡന്റുമാർ, വ്യവസായ പ്രമുഖർ, ട്രംപ് ഭരണത്തിലെ വിവിധ വകുപ്പുകളിലേക്കുള്ള നോമിനികൾ തുടങ്ങിയവരടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. അതിശൈത്യത്തെത്തുടർന്ന് ഭരണസിരാകേന്ദ്രമായ കാപിറ്റോൾ ഹില്ലിലെ റോട്ടൻഡ ഹാളിലാണു സത്യപ്രതിജ്ഞാചടങ്ങ് നടന്നത്. യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജോൺ റോബർട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു.