അബുദാബി: ഇരു രാജ്യങ്ങളിലും നിക്ഷേപത്തിനു സഹായകമാകുന്ന ഉഭയകക്ഷി നിക്ഷേപ കരാറിൽ (ബിഐടി) ഇന്ത്യയും യുഎഇയും ഒപ്പിട്ടു. ദ്വിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാന്റെയും സാന്നിധ്യത്തിലാണ് കരാർ യാഥാർഥ്യമായത്.
സാമ്പത്തിക സഹകരണത്തിനുള്ള കരാറിനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. ഇന്ത്യയെ ലക്ഷ്യമിടുന്ന വൻകിട നിക്ഷേപകർക്ക് ആത്മവിശ്വാസമേകുന്ന കരാറുകളിലൂടെ വിദേശനിക്ഷേപം വർധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ആഭ്യന്തര ഉത്പാദനം ഉയർത്തുക, ഇറക്കുമതി കുറയ്ക്കുക, കയറ്റുമതി വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേന്ദ്രം തയാറാക്കിയ ആത്മനിർഭർ ഭാരത് യാഥാർഥ്യമാക്കുന്നതിന് ഇന്ത്യയുമായി സഹകരിക്കുമെന്ന ഉറപ്പും യുഎഇ നൽകി. ഡിജിറ്റൽ സാന്പത്തിക മേഖല, നാഷണൽ ആർക്കൈവ്സ്, പൈതൃക കേന്ദ്രങ്ങൾ, മ്യൂസിയം എന്നിവയുടെ സഹകരണത്തിനും തീരുമാനമുണ്ട്.
അബുദാബിയിലെത്തിയ പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ സ്വീകരിച്ചു. ഇരുവരും പരസ്പരം ആശ്ലേഷിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്ക് ഗാർഡ് ഓഫ് ഓണറും നൽകി.
ഊഷ്മള സ്വീകരണത്തിനു നന്ദി പറയുകയാണെന്നു പറഞ്ഞ മോദി ഇവിടെ വരുന്പോഴെല്ലാം സ്വന്തം കുടുംബത്തെ കാണാൻ വരുന്ന വികാരമാണുള്ളതെന്നു വിശദീകരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമായും മോദി കൂടിക്കാഴ്ച നടത്തി.
തുടർന്ന് സയ്യിദ് സ്പോർട്ട് സിറ്റിയിൽ ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യുന്ന അഹ്ലൻ മോദി സമ്മേളനവും നടന്നു. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ നടന്ന പരിപാടിയിൽ നൂറ്റന്പതിലേറെ ഇന്ത്യൻ സംഘടനകളുടെ സാന്നിധ്യമുണ്ടായിരുന്നു.
ഇന്ന് അബുദാബിയിലെ ആദ്യത്തെ ഹിന്ദുക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അബുദാബി-ദുബായ് പ്രധാന ഹൈവേയോടു ചേർന്ന് അബു മുറൈഖയിലാണ് ക്ഷേത്രം.