നരേന്ദ്ര മോദിയെ യുനസ്‌കോ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു എന്നൊരു വ്യാജ വാര്‍ത്ത ഏറെ കാലമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ആയിരുന്നു അത് വലിയ തോതില്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ യുനസ്‌കോ അങ്ങനെ ഒരു പുരസ്‌കാരം നല്‍കുന്നില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം.
എന്നാല്‍ ഇപ്പോള്‍ പ്രചരിപ്പിക്കാന്‍ പറ്റിയ, ഒരു യഥാര്‍ത്ഥ പുരസ്‌കാരം തന്നെയാണ് നമ്മുടെ പ്രധാനമന്ത്രിക്ക് ലഭിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗം നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ഹനായിരിക്കുന്നത്. യുഎന്‍ പരിസ്ഥിതി ബഹുമതിയായ ‘ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത്’ പുരസ്‌കാരം ആണ് നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്റ് ആയ ഇമ്മാനുവല്‍ മാക്രോണിനും ഇതേ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സോളാര്‍ അലയന്‍സിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നരേന്ദ്ര മോദിക്കുള്ള പുരസ്‌കാരം. ഇന്ത്യയും ഫ്രാന്‍സും സംയുക്തമായിട്ടായിരുന്നു 2015 ല്‍ സോളാര്‍ അയന്‍സിന് തുടക്കം കുറിച്ചത്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ 2022 ഓടെ നിര്‍മാര്‍ജ്ജനം ചെയ്യുന്ന പദ്ധതിയും പ്രധാനമന്ത്രിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കാന്‍ കാരണമായി. കേരളത്തിനും സന്തോഷിക്കാന്‍ ഒരു വാര്‍ത്തയുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും ഉണ്ട് യുഎന്‍ പുരസ്‌കാരം. സമ്പൂര്‍ണ സൗരോര്‍ജ്ജ വിമാനത്താവളം ആയ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുനരുപയോഗ ഊര്‍ജ്ജ ഉപയോഗത്തിനാണ് പുരസ്‌കാരം.