വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറ്റ്ഹൗസിലെ കൂടിക്കാഴ്ചയിലാണ് മോദി ബൈഡനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.
ഇന്ത്യയിലേക്ക് ക്ഷണിച്ചതിന് ബൈഡൻ നന്ദി പറഞ്ഞതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്യംഗല പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം തങ്ങൾ തീർച്ചയായും പ്രതീക്ഷിക്കുന്നുവെന്നും ഹർഷ് വർധൻ കൂട്ടിച്ചേർത്തു.
മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കൽ, വൈവിധ്യങ്ങളോടുള്ള കൂട്ടായ പ്രതിബദ്ധത, അഹിംസയെയും സഹിഷ്ണുതയെയും ബഹുമാനിക്കൽ എന്നിവ എക്കാലത്തേക്കാളും ഇന്ന് പ്രസക്തമാണെന്ന് ജോ ബൈഡൻ പറഞ്ഞിരുന്നു.
കാലാവസ്ഥാ വെല്ലുവിളി, കോവിഡിനെതിരായ യുദ്ധം എന്നിവയിൽ കൂടുതൽ എന്തു ചെയ്യാനാകുമെന്ന് അന്വേഷിക്കണമെന്നും സുരക്ഷിതമായ ഇന്ത്യോ-പസഫിക് മേഖലയ്ക്കായി പ്രവർത്തിക്കണമെന്നും ബൈഡൻ പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഡമാകാനാണ് ലക്ഷ്യമിടുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ വിപുലമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. ഈ ദശകം രൂപപ്പെടുത്തുന്നതില്‍ പ്രസിഡന്റ് ബൈഡന്റെ നേതൃത്വം പ്രധാനമാണ്. ഇന്ത്യ-അമേരിക്ക വ്യാപാരബന്ധം സംതുലിതമാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.