ന്യൂഡൽഹി: രാജ്യം ഒറ്റക്കെട്ടായി പൊരുതി വിജയിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ശത്രുക്കൾക്ക് നമ്മെ ഭയപ്പെടുത്താനാകില്ല. സൈനികരുടെ മനോബലം ദുർബലപ്പെടുത്തില്ലെന്ന് ഉറപ്പു വരുത്തേണ്ടതു പ്രധാനമാണ്. ശത്രുക്കൾ നമുക്കു നേർക്ക് വിരൽ ചൂണ്ടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ബിജെപി ബൂത്ത് തല പ്രവർത്തകരുമായി വീഡിയോ കോണ്‍ഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു മോദി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തകരെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി സംഘടിപ്പിച്ച മേരാ ബൂത്,സബ്സേ മസ്ബൂത് എന്ന വീഡിയോ പരിപാടിയാ ണിത്. ഇന്ത്യക്കെതിരായ പ്രവർത്തനത്തെയും ഭീകരവാദത്തെയും ശത്രു പിന്തുണയ്ക്കുന്നത് ഇന്ത്യയുടെ പുരോഗതി തടയുന്നതിനു വേണ്ടിയാണ്.അതുകൊണ്ട് നമ്മൾ ഒന്നാണെന്നും സൈനികരോടൊപ്പമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പുരോഗതിക്കും പ്രവർത്തനങ്ങൾക്കും ഒരു കോട്ടവും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തണമെന്നും മോദി ആഹ്വാനം ചെയ്തു. രാജ്യത്തെ സംരക്ഷിച്ചു നിർത്തുന്ന എല്ലാവരോടും ഇന്ത്യക്ക് നന്ദിയുണ്ട്. അവരവിടെ ഉള്ളതുകൊണ്ടാണ് രാജ്യത്തിന് വികസനത്തിന്റെ പുതിയ തലങ്ങളിലേക്ക് എത്താൻ കഴിയുന്നതെന്നും മോദി പറഞ്ഞു.
മോദിക്കു വിമർശനം
പാക് ആക്രമണത്തെ പ്രധാനമന്ത്രി രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തി. വ്യോമസേനാ പൈലറ്റ് പാക് പട്ടാളത്തിന്റെ പിടിയിലായിരിക്കുന്പോഴും ആക്രമണത്തിലെ രാഷ്ട്രീയനേട്ടം എണ്ണുന്ന ബിജെപിക്കെതിരേ പ്രതിപക്ഷ പാർട്ടികൾ ശക്തമായി രംഗത്തുവന്നു. രാജ്യം വിറങ്ങലിച്ചു നിൽക്കുന്പോൾ തെരഞ്ഞെടുപ്പിൽ കിട്ടുന്ന സീറ്റെണ്ണുന്ന ബിജെപിയുടെ രാഷ്ട്രീ യത്തെ കോണ്‍ഗ്രസും കടന്നാക്രമിച്ചു.
ഇന്നത്തെ പരിപാടി മാറ്റിവയ്ക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മോദിയോട് ആവശ്യപ്പെട്ടിരുന്നു. അഭിനന്ദന്റെ തിരിച്ചുവരവിനായി രാജ്യം മുവുവൻ കാത്തിരിക്കുന്പോൾ പ്രധാനമന്ത്രിക്ക് പാർട്ടി പ്രചാരണം ഒരു മിനിറ്റുപോലും നിർത്തിവയ്ക്കാൻ കഴിയുന്നില്ലെന്നു കോണ്‍ഗ്രസ് വിമർശിച്ചു.
രാജ്യം യുദ്ധസമാനമായ സാഹചര്യത്തിൽ നീങ്ങുന്പോഴും ശക്തമായ നേതൃത്വത്തിന്റെ ആവശ്യകത നേരിടുന്പോഴും മോദി ദേശസുരക്ഷ കണക്കിലെടുക്കാതെ ബിജെപിയുടെ രാഷ്ട്രീ യകാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നതെന്ന് മായാവതി കുറ്റപ്പെടുത്തി. മോദിയുടെ മെഗാ വീഡിയോ കോണ്‍ഫറൻസിംഗിൽ ബിജെപി അനുകൂലികൾ പോലും ലജ്ജിക്കുകയാണെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
പ്രതിപക്ഷ പാർട്ടികൾക്കും വിമർശനം
പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യം രാജ്യത്തെ തീവ്രപരിചരണ വിഭാഗത്തിലാക്കുമെന്ന്് നരേന്ദ്ര മോദി. ബിജെപി അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ രാജ്യത്തിന്റെ വികസനമാണ് അപകടത്തിലാകുന്നത്. വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ നിന്ന് അഴിമതി സൗഹൃദ അന്തരീക്ഷത്തിലേക്കാകും രാജ്യം അതോടെ നീങ്ങുക എന്നും മോദി പാർട്ടി പ്രവർത്തകരോടു പറഞ്ഞു.