ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്തിൽ വലിയ വിജയം നേടിയ ബിജെപിയെ വിമർശിച്ച് ബ്രിട്ടിഷ് പത്രമായ ദ ഗാർഡിയൻ. ഗാർഡിയന്റെ എഡിറ്റോറിയലിലാണ് വിമർശം. ഇന്ത്യയുടെ ആത്മാവിന് നല്ലതല്ല (Bad for India’s Soul) എന്ന തലക്കെട്ടിലാണ് എഡിറ്റാേറിയൽ എഴുതിയിരിക്കുന്നത്.
വ്യാജ വാർത്തകൾ പ്രചരിപ്പിച്ചും ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുന്ന ഒരു സർക്കാർ അധികാരത്തിൽ വരുന്നത് ഇന്ത്യയ്ക്ക് നല്ലതല്ല. ബിജെപിയുടെ വിജയം ഇന്ത്യയ്ക്കും ലോകത്തിനും നല്ല വാർത്തയല്ല. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം 1000 കോടി രൂപയോളം ബിജെപിക്ക് ചില ബിസിനസ് ഗ്രൂപ്പുകളിൽ നിന്ന് ലഭിച്ചു.
ഈ പണം തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിയെ സഹായിച്ചെന്നും എഡിറ്റോറിയലിൽ പറയുന്നു. “ചായ വിൽപനക്കാരനിൽ നിന്നും രാഷ്ട്രീയ വേദിയിലെ അതികായൻ’ എന്ന് മറ്റൊരു ലേഖനത്തിലും ഗാർഡിയൻ വിലയിരുത്തുന്നു. “ഇന്ത്യൻ രാഷ്ട്രീയം അഴിച്ച് പണിത മോദി’, എന്നാണ് ബിബിസി വിജയത്തെ വിലയിരുത്തുന്നത്.
നരേന്ദ്രമോദി, ഇന്ത്യയുടെ കാവൽക്കാരൻ, തെരഞ്ഞെടുപ്പിൽ നേടിയത് ചരിത്ര വിജയം എന്നാണ് ഈ വാർത്തയ്ക്ക് ന്യൂയോർക്ക് ടൈസ് നൽകുന്ന തലക്കെട്ട്. മോദിയുടെ പാർട്ടി ആസ്ഥാനത്തെ പ്രസംഗം ഉൾപ്പെടെ വലിയ പ്രാധാന്യത്തോടെയാണ് പാക്കിസ്ഥാനിൽ നിന്നുള്ള മാധ്യമമായ “ദി ഡോണ്‍’ ഉൾപ്പെടെയുള്ളവ നൽകിയിരിക്കുന്നത്. മറ്റൊരു അഞ്ച് വർഷം’ എന്നപേരിൽ മുഖപ്രസംഗം തയാറാക്കിയിരിക്കുകയാണ് മറ്റൊരു പ്രധാന പാക് മാധ്യമമായ ദി നാഷൻ.