ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം 23ന് യുക്രെയ്ൻ സന്ദർശിക്കും. റഷ്യയുമായുള്ള യുദ്ധത്തിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനമാണിത്. പ്രസിഡന്റ് വ്ളാഡമിർ സെലൻസ്കിയുമായി മോദി കൂടിക്കാഴ്ച നടത്തും.
നേരത്തെ മോദി റഷ്യ സന്ദർശിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ദിവസങ്ങള്‍ക്കു ശേഷമാണ് യുക്രെയ്ൻ സന്ദർശനം. റഷ്യന്‍ സന്ദർശനത്തില്‍ ആണവോർജം, കപ്പൽ നിർമാണം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.
മോദി-പുടിൻ കൂടിക്കാഴ്ചയെ സെലൻസ്കി അപലപിച്ചിരുന്നു. സമാധാന ശ്രമങ്ങൾക്കുമേലുള്ള വിനാശകരമായ പ്രഹരമാണെന്നായിരുന്നു സെലൻസ്കി പറഞ്ഞത്.
22ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനു വേണ്ടി പുടിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു പ്രധാനമന്ത്രി റഷ്യൻ സന്ദർശനം നടത്തിയത്. ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ മോദി സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.