ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ നിര്‍ണായകമായ പല കൂടിക്കാഴ്ചകളും കണ്ടുമുട്ടലുകളും വിരുന്ന് സത്കാരങ്ങളും ചര്‍ച്ചകളുമൊക്കെ നടത്തുന്ന തിരക്കിലാണ് രാഷ്ട്രീയ നേതാക്കള്‍. പ്രത്യേകിച്ച് പ്രധാനമന്ത്രി. അത് പതിവുമാണ്. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായ, പ്രധാനമന്ത്രിയുടെ ഒരു കൂടിക്കാഴ്ചയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി സുപ്രീം കോടതി ചീഫ് ജസ്റ്റീസുമായി ഇക്കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയാണത്.
60 വര്‍ഷത്തിനിടെ ആദ്യമായി സുപ്രീം കോടതിയില്‍ സന്ദര്‍ശനം നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ മാസം 25-ന് ചീഫ് ജസ്റ്റീസായി ചുമതലയേറ്റ രഞ്ജന്‍ ഗൊഗോയിയുടെ ഒന്നാം നമ്പര്‍ കോടതി മുറിയിലാണ് പ്രധാനമന്ത്രി അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. ദി വയറാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത്.
മോദിയുടെ സന്ദര്‍ശനം ചീഫ് ജസ്റ്റീസില്‍ ആശ്ചര്യം സൃഷ്ടിച്ചെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 25-ന് ബംഗ്ലാദേശ്, ഭൂട്ടാന്, മ്യാന്മര്, നേപ്പാള്‍, തായ്ലന്ഡ് എന്നീ രാജ്യങ്ങളിലെ ജഡ്ജിമാര്‍ക്കായി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി ഒരുക്കിയ വിരുന്നിലേക്ക് പ്രധാനമന്ത്രിയെയും ക്ഷണിച്ചിരുന്നു.
വൈകിട്ട് എട്ടോടെ പ്രധാനമന്ത്രി സുപ്രീം കോടതിയിലെത്തി. വിരുന്നിനിടെ മോദി നിരവധി ജഡ്ജിമാരുമായി സംഭാഷണം നടത്തി. ഒമ്പതര വരെയായിരുന്നു വിരുന്നിനു സമയമെങ്കിലും അതിനുശേഷവും മോദി വിരുന്ന് നടന്ന ഹാളില്‍ തുടര്‍ന്നു. ഇതിനുശേഷമാണ് മോദി ഗൊഗോയിയുടെ കോടതി മുറിയില്‍ പോകാന്‍ താല്പര്യം പ്രകടിപ്പിച്ചത്.
ഇത് സുരക്ഷാ ഉദ്യോഗസ്ഥരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. എന്നാല്‍ ചീഫ് ജസ്റ്റീസ് തന്നെ മോദിയെ തന്റെ കോടതി മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുറിയില്‍ ഒന്നാം നമ്പര്‍ കസേരയില്‍ ഇരുന്ന മോദി, ഇവിടുത്തെ കീഴവഴക്കങ്ങള്‍ സംബന്ധിച്ച് ചീഫ് ജസ്റ്റീസിനോട് അന്വേഷിച്ചു. പിന്നീട് ചീഫ് ജസ്റ്റീസിന്റെ ക്ഷണപ്രകാരം ചായയും കുടിച്ചശേഷം പത്തോടെയാണ് മോദി മടങ്ങിയതെന്നാണു ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട നിര്‍ണായക കേസുകള്‍ പരിഗണിക്കുന്നതാണ് ഒന്നാം നമ്പര്‍ കോടതി മുറി. റഫാല്‍ ഇടപാട്, സി.ബി.ഐയിലെ കേന്ദ്രത്തിന്റെ അഴിച്ചുപണി എന്നിവയൊക്കെ പരിഗണിക്കുന്നത് ഇവിടെയാണ്. റഫാല്‍, സി.ബി.ഐ കേസുകളില്‍ വിധി പറയാനിരിക്കെയാണ് മോദിയുടെ സന്ദര്‍ശനമെന്നത് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വയ്ക്കുമെന്നും ഉറപ്പാണ്. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മാത്രമാണ് മോദിയ്ക്ക് മുമ്പ് ഇവിടം സന്ദര്‍ശിച്ചിട്ടുള്ളത്.