ശനിയാഴ്ച്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ബജറ്റിനു മുന്നോടിയായി നടന്ന യോഗത്തിലായിരുന്നു നാടകീയസംഭവങ്ങള്‍. ബജറ്റുമായി ബന്ധപ്പെട്ട് ഒരോ മന്ത്രാലയവും തയാറാക്കിയ റിപ്പോര്‍ട്ടുകളുടെ അവതരണമായിരുന്നു പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്നത്. സമയം വൈകിയും ഓരോ മന്ത്രാലയത്തിന്റെയും റിപ്പോര്‍ട്ട് നേരിട്ട് കേള്‍ക്കാന്‍ അദ്ദേഹം കാത്തിരുന്നു. ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച് പ്രധാനമന്ത്രി യോഗത്തില്‍ നിന്ന് ഇറങ്ങി പോയത്.
സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് കാര്യമായ പഠനം നടത്താതെ തട്ടിക്കൂട്ടിയതാണെന്നായിരുന്നു മോദിയുടെ വിമര്‍ശനം. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും കാര്‍ഷിക മന്ത്രാലയത്തിന്റെയും അവതരണങ്ങള്‍ തൃപ്തികരമല്ലെന്നു പറഞ്ഞാണു അദേഹം ഇറങ്ങിപ്പോയത്. നിങ്ങള്‍ വേണ്ടത്ര ചിന്തിക്കാതെയും ഗൃഹപാഠം ചെയ്യാതെയുമാണ് അവതരണം തയാറാക്കിയതെന്ന് ഉദ്യോഗസ്ഥരോടു തുറന്നടിച്ചു പറയാനും മോദി മടിച്ചില്ല. അവതരണങ്ങള്‍ പുതുക്കിക്കൊണ്ടുവരാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ബജറ്റിന് മുമ്പ് ഓരോ മന്ത്രാലായങ്ങളുടേയും നിര്‍ദ്ദേശങ്ങള്‍ നേരിട്ട് കേള്‍ക്കുകയും മനസിലാക്കുകയും ചെയ്യുന്ന പതിവ് സാധാരണ പ്രധാനമന്ത്രിമാര്ക്കുണ്ടായിരുന്നില്ല. ഇതിന് മാറ്റം വരുത്താനും എല്ലാ ഉദ്യോഗസ്ഥരുമായും കൂടുതല്‍ അടുക്കാനുമാണ് പ്രധാനമന്ത്രി ശ്രമിച്ചത്. നിതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥരും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. വിവധ സെക്രട്ടറിമാരുടെ അവതരണത്തില്‍ ആദ്യം മോദി അതൃപ്തി പ്രകടിപ്പിച്ചു. അതിന് ശേഷവും പ്രധാനമന്ത്രി പ്രതീക്ഷ തലത്തിലേക്ക് ചിലര്‍ എത്തിയില്ല. ഇതോടെയായിരുന്നു പ്രതിഷേധം അറിയിച്ച് ഇറങ്ങി പോയത്.