ഇന്ത്യ പോലെയല്ല, ഭരണാധികാരികളുടെ വ്യക്തിവിവരങ്ങള്‍ ചൈനയില്‍ ഔദ്യോഗിക രഹസ്യങ്ങളാണ്. അതുകൊണ്ടുതന്നെ പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പിറന്നാളടക്കമുള്ള കാര്യങ്ങള്‍ പുറത്തുപറയുന്നത് കുറ്റകരമാണ്. എന്നാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ നിയമങ്ങളൊക്കെ കാറ്റില്‍ പറത്തിയത് ഒരൊറ്റ ട്വീറ്റിലൂടെയാണ്. ട്വിറ്ററിന് സമാനമായ ചൈനീസ് വെബ്സൈറ്റ് സിന വെയ്‌ബോയില്‍ ജിന്‍പിങ്ങിന് പിറന്നാള്‍ ആശംസ നേര്‍ന്നതോടെയാണ് മോദി ചൈനയുടെ രഹസ്യച്ചരട് പൊട്ടിച്ചത്. ചൈനയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കാകെ അമ്പരപ്പുണ്ടാക്കിയ ട്വീറ്റായിരുന്നു മോദിയുടേത്. അറിയാമെങ്കിലും അറിയില്ലെന്ന് അവര്‍ നടിച്ചിരുന്ന കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രി വെളിപ്പെടുത്തിയത് ചൈനക്കാരെ ഒന്നാകെ ഞെട്ടിച്ചുകളഞ്ഞു. ഷി ജിന്‍പിങ്ങിന്റെ പിറന്നാള്‍ ദിനത്തില്‍, ഞാന്‍ അദ്ദേഹത്തെ അനുമോദിക്കുന്നു. നൂറുവയസ്സുവരെ ആരോഗ്യത്തോടെ ജീവിക്കാന്‍ അദ്ദേഹത്തിനാവട്ടെ എന്നും ആശംസിക്കുന്നു-ഇതായിരുന്നു മോദിയുടെ ട്വീറ്റ്. ചൈനയുടേയും തായ്‌വാന്റെയും ഔദ്യോഗികഭാഷയായ മന്ദാരിനിലാണ് മോദി ആശംസയര്‍പ്പിച്ചത്.
ഏതാനും ദിവസം മുമ്പ് താനും ജിന്‍പിങ്ങും ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ കണ്ടിരുന്നുവെന്നും ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുന്നതിന് സഹായിക്കുന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടുവെന്നും മോദി ട്വീറ്റ് ചെയ്തു. എന്നാല്‍, മോദിയുടെ ട്വീറ്റ് ചൈനയില്‍ പലരും കണ്ടിരുന്നുവെങ്കിലും അതിന് ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും അധികം പേര്‍ തയ്യാറായില്ലെന്നതാണ് സത്യം. 800-ഓളം പേര്‍ മാത്രമാണ് ട്വീറ്റ് ലൈക്ക് ചെയ്തത്. 2000-ഓളം പേര്‍ ട്വീറ്റിനടിയില്‍ കമന്റ് ചെയ്തു. സെന്‍സറിംഗ് ശക്തമായ ചൈനയില്‍ നേതാക്കളുടെ വ്യക്തിവിവരങ്ങള്‍ പങ്കുവെക്കുന്നത് കുറ്റകരമാണ്. പിറന്നാള്‍ ദിനങ്ങളും കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇത്തരത്തില്‍ പൊതുവായി പങ്കുവയ്ക്കാന്‍ പാടില്ല. നേതാക്കളുടെ വ്യക്തിവിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ കാരണം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉറച്ച ചില തീരുമാനങ്ങളാണ്. മാവോയെപ്പോലൊരു നേതാവ് ഇനിയുണ്ടാകരുതെന്ന നിലപാടാണ് അതിന് പിന്നില്‍. വ്യക്തിവിവരങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നത് വ്യക്തിയാരാധനയ്ക്ക് വഴിയൊരുക്കുമെന്ന് പാര്‍ട്ടി കരുതുന്നതുകൊണ്ടാണ് ഇത്തരത്തില്‍ പൊതുവായി വ്യക്തിവിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന് നിയമമാക്കിയിരിക്കുന്നത്.