ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യോഗയുടെ നിത്യ ഉപാസകനാണെന്നത് ഏറെക്കുറെ എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. രാവിലെ ഒരു മണിക്കൂര്‍ യോഗയ്ക്കു ശേഷമാണ് മോദിയുടെ ഒരു ദിവസം ആരംഭിക്കാറ്. എന്നാല്‍ ഇന്ന് അദ്ദേഹം ആ പതിവു തെറ്റിച്ചു. 97 വയസുള്ള അമ്മ ഹീരാബെന്നിനെ കാണാന്‍ പോയതാണ് മോദിയുടെ പതിവു യോഗാ പ്രാക്ടീസ് മുടക്കിയത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഇളയ മകന് പങ്കജിനൊപ്പമാണ് ഹീരാബെന്‍ കഴിയുന്നത്. സംസ്ഥാന സര്‍ക്കാര്‍ വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് പങ്കജ്. കഴിഞ്ഞ സെപ്റ്റംബറില്‍ തന്റെ 66-ാം ജന്മദിനത്തില് അമ്മയെ സന്ദര്‍ശിച്ച് മോദി അനുഗ്രഹം വാങ്ങിച്ചിരുന്നു.
2014ല്‍ പ്രധാനമന്ത്രിയായതിനു ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് മോദി അമ്മയെ സന്ദര്‍ശിച്ചതെന്നതും ശ്രദ്ധേയമായി. അന്ന് ഹീരാബെന്‍ ഗുജറാത്തി പാരമ്പര്യമനുസരിച്ച് മോദിയ്ക്ക് ഒരു ഭഗവത് ഗീതയും 5001 രൂപയും സമ്മാനിച്ചിരുന്നു. ആ തുക മോദി കാശ്മീര്‍ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു.
അമ്മയോടുള്ള സ്നേഹത്താല്‍ മോദി ഒഴിവാക്കിയത് പതിവുശീലമാണ്. സൂര്യ നമസ്ക്കാരത്തോടെ തുടങ്ങുന്ന മോദി പ്രാണായാമം ഉള്‍പ്പെടെയുള്ള യോഗാമുറകള്‍ ചെയ്താണ് വ്യായാമം അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ജൂണില്‍ നടന്ന രണ്ടാമത് അന്താരാഷ്ട്ര യോഗാദിനാഘോഷങ്ങള്‍ക്ക് ചണ്ഡിഗഡില്‍ നേതൃത്വം നല്കിയതും മോദിയായിരുന്നു. സൂര്യനമസ്ക്കാരത്തിന്റെ ചിത്രം ആലേഖനം ചെയ്ത പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കുകയും ചെയ്തിരുന്നു.