വാരണാസി: തന്റെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി സന്ദർശനം നടത്തി. ഇന്നലെ രാത്രിയിലായിരുന്നു പരിശോധന. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഗുജറാത്തിൽനിന്ന് നേരിട്ട് മോദി വാരണാസിയിലെത്തുകയായിരുന്നു. തുടർന്നു റോഡ്ഷോയും നടത്തി.
ഇതിനുശേഷം ബനാറസിലെ ഗസ്റ്റ്ഹൗസിലേക്ക് പോകുന്ന വഴിയിൽ ശിവപുർ-ഫുൽവാരിയ-ലഹർതാര റോഡിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നിർത്തി.
അവിടെ വാഹനത്തിൽ നിന്നിറങ്ങിയ പ്രധാനമന്ത്രി നാലുവരിപാത പരിശോധിച്ചു. കുറച്ച് നേരം റോഡിൽ ചുറ്റിനടന്നു പരിശോധിച്ചശേഷം പ്രധാനമന്ത്രി മോദി ഗസ്റ്റ് ഹൗസിലേക്ക് പോയി.
പ്രധാനമന്ത്രി പരിശോധിച്ച നാലുവരി പാത അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. വാരണാസിയിലെ ബനാറസ് ഡയറി കാശി കോംപ്ലക്സിന്റെ ഉദ്ഘാടനമടക്കം നിരവധി വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്നു തുടക്കംകുറിക്കും. രവിദാസ് ജയന്തിയോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
വിശുദ്ധ രവിദാസിന്റെ പ്രതിമ, മ്യൂസിയം, പാർക്ക് എന്നിവയുടെ തറക്കല്ലിടലും നടക്കും. വാരാണസിക്ക് 13,000 കോടി രൂപയുടെ പദ്ധതികൾ സമ്മാനിക്കാനാണ് പ്രധാനമന്ത്രി മോദി വരുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.