ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം തടയാൻ ഉടനടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 12 പ്രതിപക്ഷ പാർട്ടികളുടെ കത്ത്.
കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഒമ്പതോളം നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്.
സെൻട്രൽ വിസ്ത നിർമാണം നിർത്തിവയ്ക്കുക, വാക്സിൻ സൗജന്യമായി വിതണം ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്.
തങ്ങൾ മുമ്പും ഈ വിഷയങ്ങളിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പല നിർദേശങ്ങളും നൽകിയെങ്കിലും കേന്ദ്രം അതെല്ലാം അവഗണിക്കുകയാണ് ഉണ്ടായത്.
രാജ്യത്ത് കോവിഡ് മഹാദുരന്തമായി മാറുന്നതിലേക്ക് ഇത് വഴിതെളിയിച്ചുവെന്ന് പ്രതിപക്ഷ കക്ഷികളുടെ കത്തില്‍ പറയുന്നു.
കത്തിലെ നിർദേശങ്ങൾ:
* രാജ്യാന്തര തലത്തിലും തദ്ദേശീയ തലത്തിലും വാക്സിൻ ശേഖരിക്കണം.
* എല്ലാവർക്കും സൗജന്യമായി വാക്സിൻ വിതരണം ചെയ്യണം.
* വാക്സിന് നിര്‍മാണം വിപുലപ്പെടുത്താനായി നിര്‍ബന്ധിത ലൈസന്‍സ് സംവിധാനം.
* ബജറ്റിൽ വകയിരുത്തിയ 35000 കോടി രൂപ വാക്സിനായി മാറ്റിവയ്ക്കണം.
* സെന്‍ട്രല്‍ വിസ്ത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുക. ആ പണം ഓക്സിജനും വാക്സിനുമായി ഉപയോഗിക്കുക.
* പിഎം കെയറിൽ പിടിച്ചുവച്ചിരിക്കുന്ന മുഴുവൻ പണവും വാക്സിനും ഓക്സിജനും ഉപകരണങ്ങൾക്കുമായി ചെലവഴിക്കണം.
* രാജ്യത്തെ തൊഴിൽ രഹിതർക്ക് മാസംതോറും 6000 രൂപ സഹായം നൽകണം.
* ആവശ്യക്കാർക്ക് സൗജന്യമായി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യണം.
* കാർഷിക നിയമങ്ങൾ റദ്ദാക്കി, കർഷകർ കോവിഡിന് ഇരകളാകുന്നത് തടയണം.