നിയാസ് മുസ്തഫ
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കൂടിക്കാഴ്ചയില്‍ അസ്വസ്ഥരായി പശ്ചിമബംഗാളിലെ സിപിഎമ്മും കോണ്‍ഗ്രസും.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടയാനുള്ള മമതയുടെ തന്ത്രമാണിതെന്ന മട്ടിലാണ് അവരുടെ വിമര്‍ശനം.
കാവി ക്യാമ്പിന്റെ ഏജന്റ് എന്ന നിലയില്‍ പ്രതിപക്ഷത്തോടൊപ്പം നിന്ന് പ്രതിപക്ഷ ഐക്യം തകര്‍ക്കാനുള്ള ദൗത്യത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ഇപ്പോഴെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
കാവി ക്യാമ്പിന്റെ ഏജന്റ്
കഴിഞ്ഞ കുറച്ച് മാസങ്ങളായി ടിഎംസി പ്രവര്‍ത്തിക്കുന്ന രീതി കണ്ടാല്‍ അവര്‍ കാവി ക്യാമ്പിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്നത് വ്യക്തമാണ്.
ടിഎംസി ട്രോജന്‍ കുതിരയാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ എല്ലാം വ്യക്തമാണ്. വിവിധ അഴിമതിക്കേസുകളിലെ സിബിഐ, ഇഡി അന്വേഷണങ്ങളില്‍ നിന്ന് അംഗങ്ങളെ സംരക്ഷിക്കാന്‍ ബിജെപിയുമായി അവര്‍ ധാരണയുണ്ടാക്കി- സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം, ബംഗാളിലെ നിരവധി അഴിമതി കേസുകളില്‍ ഇഡിയും മറ്റ് അന്വേഷണ ഏജന്‍സികളും മന്ദഗതിയിലാകുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രഹസ്യ ധാരണ വ്യക്തം
സംസ്ഥാനത്തിന്റെ കുടിശ്ശിക ലഭിക്കാനുള്ള യോഗമായിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട രേഖകളുമായി കൂടിക്കാഴ്ചയില്‍ ഹാജരാകുമായിരുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം സുജന്‍ ചക്രവര്‍ത്തിയും ആരോപിച്ചു.
സംസ്ഥാനത്തിന്റെ താത്പര്യം മുന്‍നിര്‍ത്തിയായിരുന്നു കൂടിക്കാഴ്ചയെന്ന് കരുതാനാവില്ല. ഇപ്പോള്‍, ഇരു പാര്‍ട്ടികള്‍ക്കും രഹസ്യ ധാരണയുണ്ടെന്ന് വ്യക്തമാണ്.
അഴിമതിക്കേസുകളില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അറസ്റ്റിലാകുമ്പോള്‍ പ്രധാനമന്ത്രിയെ കാണാന്‍ മമത ബാനര്‍ജിയെ ദില്ലിയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചതെന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയണം.
സ്കൂള്‍ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണവുമായി മുതിര്‍ന്ന നേതാവ് പാര്‍ത്ഥ ചാറ്റര്‍ജിയെ ഇഡി അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ബാനര്‍ജി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്- അദ്ദേഹം ആരോപിക്കുന്നു.
രാഷ്ട്രീയ ലക്ഷ്യമില്ല
പ്രധാനമന്ത്രിയെ മമത കണ്ടതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും അവര്‍ തമ്മില്‍ ഭരണപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും തൃണമൂല്‍ നേതാവ് സന്തനു സെന്‍ പറഞ്ഞു.
സംസ്ഥാനവുമായി ബന്ധപ്പെട്ട ജിഎസ്ടി കുടിശ്ശികയും വിവിധ കേന്ദ്ര പദ്ധതികള്‍ക്ക് സമയബന്ധിതമായി പണം അനുവദിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് കൂടിക്കാഴ്ചയില്‍ ഉന്നയിച്ചത്.
കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നതില്‍ എന്താണ് തെറ്റ്?
ബിജെപിയുടെ നയങ്ങളെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും പാഠങ്ങള്‍ പഠിക്കേണ്ട കാര്യം ഞങ്ങള്‍ക്ക് ആവശ്യമില്ല- അദ്ദേഹം പറഞ്ഞു.
ഭാവനാ സൃഷ്ടി
ഫെഡറല്‍ ഘടനയില്‍ ഒരു മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തുന്നത് ഏറ്റവും സ്വാഭാവികമായ കാര്യമാണ്.
പ്രധാനമന്ത്രിയെ മോശമായ ഭാഷയില്‍ അധിക്ഷേപിക്കുന്നതില്‍ പേരുകേട്ട ആളാണ് മമത ബാനര്‍ജി.
ടിഎംസിയും ബിജെപിയും തമ്മില്‍ രഹസ്യ ധാരണ രൂപപ്പെട്ടുവെന്നും മറ്റുമൊക്കെ സിപിഎമ്മും കോണ്‍ഗ്രസും ആരോപിക്കുന്നത് അവരുടെ ഭാവനാ സൃഷ്ടി മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സുകന്ത മജുംദാര്‍ ട്വീറ്റ് ചെയ്തു.
ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയുടെ ചിത്രം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.