തിരുവനന്തപുരം: എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഇല്ലാതാക്കാമെന്നു കരുതുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി മുൻ പ്രസിഡന്റ് എം.എം.ഹസന് രാജ്ഭവനു മുന്നില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
രാഷ്ട്രശില്പികൾ വിഭാവനം ചെയ്ത “ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത’ എന്ന ആശയത്തെ മോദിയും ഷായും ചേര്‍ന്ന് തകര്‍ത്തു. ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് ഇരുവര്‍ക്കും. മതത്തിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണു ശ്രമം. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം ഒരു വിഭാഗത്തിനു നിഷേധിക്കുന്നു. പൗരത്വത്തിന് മതം അടിസ്ഥാന യോഗ്യതയാക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയത്. കേരള ഗവര്‍ണർ ബിജെപിയുടെ നേതാവിനെ പ്പോലെയാണ് സംസാരിക്കുന്നത്.
ഭീതിപടര്‍ത്തി ജനാധിപത്യത്തെ അട്ടിമറിക്കാമെന്നുള്ള മോദിയുടെയും ഷായുടെയും നീക്കം നടക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.കെപിസിസി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, എന്‍.കെ.പ്രേമചന്ദ്രന്എംപി, എംഎല്‍എ മാരായ കെ.സി.ജോസഫ്, വി.എസ്.ശിവകുമാര്‍, എം.വിന്‍സന്റ്, കെ.എസ്.ശബരീനാഥന് തുടങ്ങിയവർ സന്നിഹിതരായിരുന്നു.