ന്യൂഡൽഹി: 2002-ൽ ഗോധ്ര കലാപകാലത്ത് നരേന്ദ്ര മോദിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കാൻ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആലോചിച്ചിരുന്നെന്ന് മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ. എന്നാൽ അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന എൽ.കെ. അഡ്വാനി രാജി ഭീഷണി മുഴക്കിയതിനെ തുടർന്നാണ് വാജ്പേയി ആ നീക്കത്തിൽനിന്നു പിൻമാറിയതെന്ന് അദ്ദേഹം പറഞ്ഞു.
2002-ൽ ഗുജറാത്ത് കലാപത്തിനു പിന്നാലെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി സ്ഥാനമൊഴിയണമെന്നും ഗുജറാത്ത് സർക്കാരിനെ പിരിച്ചുവിടണമെന്നും അന്നു പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി നിലപാടെടുത്തു. ഗോവയിൽ നടന്ന ബിജെപി ദേശീയ എക്സിക്യുട്ടീവ് യോഗത്തിൽ അദ്ദേഹം നിലപാട് പരസ്യമായി അവതരിപ്പിച്ചു. മോദി വിസമ്മതിച്ചാൽ സർക്കാരിനെ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു- സിൻഹ പറഞ്ഞു.
എന്നാൽ എക്സിക്യുട്ടീവ് നടക്കുന്ന സമയത്ത് മറ്റൊരു യോഗം കൂടി നടന്നു. മോദി സർക്കാരിനെ പിരിച്ചുവിടാനുള്ള നീക്കത്തെ അഡ്വാനി എതിർത്തു. മോദി സർക്കാരിനെ പിരിച്ചുവിട്ടാൽ താൻ മന്ത്രിസഭയിൽനിന്നു രാജിവയ്ക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. ഇതേതുടർന്ന് വാജ്പേയി തീരുമാനം പിൻവലിച്ചു, മോദി സർക്കാർ കാലാവധി പൂർത്തിയാക്കി- സിൻഹ പറയുന്നു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഐഎൻഎസ് വിരാടിനെ ദുരുപയോഗം ചെയ്തെന്ന പ്രധാനമന്ത്രി മോദിയുടെ ആരോപണവും ഇതിനെ തുടർന്ന് ഉടലെടുത്ത വിവാദങ്ങളും സിൻഹ തള്ളിക്കളഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ പേരിലാണ് വോട്ട് തേടേണ്ടതെന്നും അല്ലാതെ രാജ്യത്തിന്റെ ചരിത്രത്തിന്റെ പേരിലാകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.