ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം അടുത്ത വർഷം യാഥാർഥ്യമായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ക്ഷണമനുസരിച്ച് എത്തുന്ന മാർപാപ്പ കേരളത്തിലും പര്യടനം നടത്തും.
ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസുയർത്തുന്ന ചരിത്ര സന്ദർശനം വൻവിജയമാക്കാൻ മോദി സർക്കാർ ആലോചന തുടങ്ങി.
എന്നാൽ, ഫ്രാൻസിസ് പാപ്പയുടെ ഇന്ത്യാ സന്ദർശനത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും പിന്നീടു മാത്രമേ അക്കാര്യം തീരുമാനിക്കൂവെന്നും വത്തിക്കാൻ കാര്യാലയത്തിലെയും കേന്ദ്രസർക്കാരിലെയും ഉന്നതർ ദീപികയോടു പറഞ്ഞു.
രണ്ടു പതിറ്റാണ്ടിനു ശേഷമുള്ള മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം വിവിധ മതസമൂഹങ്ങൾ തമ്മിലുള്ള ഇഴയടുപ്പത്തിനും ലോകസമാധാനത്തിനും കാരണമാകുമെന്നാണു പ്രതീക്ഷ.
ഡൽഹിക്കു പുറമെ കേരളം, മുംബൈ, കോൽക്കത്ത, മേഘാലയിലോ മറ്റേതെങ്കിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലോ ഉൾപ്പെടെ ഒരാഴ്ചയോളം നീളുന്ന സന്ദർശനത്തിനാണ് സാധ്യത.
ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനിലയുടെ അടിസ്ഥാനത്തിൽ ഡോക്ടർമാർ അനുവദിച്ചാൽ ഇന്ത്യയിൽ വിശദ പര്യടനത്തിനു പാപ്പാ തയാറായേക്കുമെന്നു വത്തിക്കാൻ സ്ഥാനപതി കാര്യാലയവും സൂചിപ്പിച്ചു.
2017 നവംബർ, ഡിസംബർ മാസങ്ങളിലായി മ്യാൻമറിലും ബംഗ്ലാദേശിലും ഒരാഴ്ച നീണ്ട പര്യടനമാണ് പാപ്പ നടത്തിയത്.
ഇന്ത്യയിലെ വിശ്വാസികളെ കാണാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ഫ്രാൻസിസ് പാപ്പ 2017 ഡിസംബറിൽ ദീപികയോടു പറഞ്ഞിരുന്നു.
മാർപാപ്പയുടെ ചരിത്രം കുറിച്ച മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനം പൂർത്തിയാക്കി റോമിലേക്കു മടങ്ങുന്പോൾ പ്രത്യേക പേപ്പൽ വിമാനത്തിൽ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പാപ്പ ഇക്കാര്യം പറഞ്ഞത്.
മാർപാപ്പയുടെ സന്ദർശനത്തിനായി കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരും വിശ്വാസീസമൂഹവും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
50 ലക്ഷത്തിലേറെ വിശ്വാസികളുള്ള സീറോ മലബാർ സഭയുടെയും സീറോ മലങ്കര സഭയുടെയും ആസ്ഥാനം കേരളത്തിലാണ്.
വിശുദ്ധരായ അൽഫോൻസാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ, എവുപ്രാസിയാമ്മ, മറിയം ത്രേസ്യാ എന്നിവരുടെ ജന്മനാടാണ് കേരളം.
കോൽക്കത്തയിലെ മദർ ഹൗസിലെത്തി വിശുദ്ധ മദർ തെരേസയുടെ കബറിടത്തിൽ മാർപാപ്പ പ്രാർഥിക്കാനും സാധ്യതയേറെയാണ്.
ഊഷ്മള സ്വീകരണമൊരുക്കും
ആഗോള കത്തോലിക്കാ സഭയുടെ പരാമധ്യക്ഷനായ മാർപാപ്പയെ വരവേൽക്കാൻ കത്തോലിക്കാ വിശ്വാസികൾക്കു പുറമെ ഇതര ക്രൈസ്തവ വിഭാഗക്കാർ, സമാധാനപ്രിയരായ കോടിക്കണക്കിന് ഇന്ത്യക്കാർ തുടങ്ങിയവരുടെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിനു തുടക്കം.
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇന്ത്യയിൽ ഏറ്റവും ഊഷ്മളവും ആചാരപരവുമായ സ്വീകരണം നൽകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
രാഷ്ട്രത്തലവനും കത്തോലിക്കാ സഭാ തലവനും എന്നതിലുപരി ലോകത്തിന്റെ സമാധാന നായകനെന്ന നിലയിൽ കൂടിയാകും ഫ്രാൻസിസ് പാപ്പയെ സ്വീകരിക്കുക.
ലോകത്തിൽ ഏറ്റവുമധികം വിശ്വാസികളുള്ള കത്തോലിക്കാ സഭയുടെ തലവനും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലവനുമെന്ന പ്രത്യേകത ഫ്രാൻസിസ് പാപ്പായ്ക്കും നരേന്ദ്ര മോദിക്കുമുണ്ട്.
ആഗോള തലത്തിൽ ഏറ്റവും ജനപ്രീതിയുള്ളവരാണ് ഇരുവരുമെന്ന് മുതിർന്ന കേന്ദ്രമന്ത്രി ദീപികയോടു ചൂണ്ടിക്കാട്ടി. അടൽ ബിഹാരി വാജ്പേയിക്കു ശേഷം മാർപാപ്പയെ വത്തിക്കാനിലെത്തി സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിയാണു മോദി.