ഗാന്ധിനഗർ: നൂറാം വയസിലേക്കു കടന്ന അമ്മ ഹീര ബെന്നിന് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിനഗറിലുള്ള വീട്ടിലെത്തി.
പൂജാമുറിയിൽ അമ്മയുടെ പാദങ്ങൾ കഴുകി അനുഗ്രഹം വാങ്ങിയ പ്രധാനമന്ത്രി പിറന്നാൾ മധുരവും സമ്മാനിച്ചു.
അമ്മ എന്നത് വെറുമൊരു വാക്കല്ല. ഒട്ടേറെ വികാരങ്ങളുടെ കൂട്ടായ്മയാണതെന്നായിരുന്നു പിന്നീട് ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞത്.
“അമ്മ ഹീരാബ നൂറാംവയസിലേക്കു കടക്കുകയാണ്. അച്ഛൻ ജീവിച്ചിരുന്നെങ്കിൽ കഴിഞ്ഞയാഴ്ച അദ്ദേഹവും നൂറാം പിറന്നാൾ ആഘോഷിക്കുമായിരുന്നു.
അമ്മയുടെ ശതാബ്ദിയെന്ന നിലയിൽ ഈ വർഷം തനിക്ക് പ്രിയപ്പെട്ടതാണ്’- ട്വീറ്റ് തുടരുന്നു.
ചെറിയൊരു മൺവീട്ടിൽ ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ നേരിടുന്പോഴും സഹിഷ്ണുത വെടിയാതെയാണ് അമ്മ ജീവിച്ചതെന്നും ജീവിക്കാനായി പല വീടുകളിലും പാത്രങ്ങൾ കഴുകാനും ചർക്കയിൽ നൂൽനൂൽക്കാനും അമ്മ പോയിട്ടുണ്ടെന്നും ട്വിറ്റിൽ പ്രധാനമന്ത്രി ഓർമിച്ചു.
പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ജന്മനാടായ വഡ്നഗറിൽ പ്രാർഥനാ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കുടുംബാംഗങ്ങൽ ചേർന്ന് അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിൽ സമൂഹഭക്ഷണവും ഒരുക്കി.
ഇതിനു പിന്നാലെ വഡോദരയിൽ പൊതുപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തു.
സ്ത്രീശാക്തീകരണവും സ്ത്രീകളുടെ അതിവേഗ വളർച്ചയുമാണ് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വികസനത്തിന് അനിവാര്യമായതെന്നു മോദി പറഞ്ഞു.
സ്ത്രീകളൂടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ഉന്നതസ്ഥാനങ്ങളിലെത്താൻ അവർക്ക് അവസരമൊരുക്കുകയും ചെയ്യുക സർക്കാരിന്റെ പ്രഥമ പരിഗണനകളിലൊന്നാണ്.
സായുധസേനകൾ മുതൽ ഖനിമേഖല വരെ ഇഷ്ടപ്പെട്ട തൊഴിൽമേഖല തെരഞ്ഞെടുക്കാൻ വാതിലുകൾ തുറന്നുകൊടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.