ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിൽ വ്യാപക അക്രമം.
ഞായറാഴ്ച കിഴക്കൻ ബംഗ്ലാദേശിൽ ഇസ്ലാം തീവ്രവാദികൾ ഹിന്ദു ക്ഷേത്രങ്ങൾക്കും ട്രെയിനുകൾക്കും നേരെ ആക്രമണം നടത്തി. വെള്ളിയാഴ്ച മുതൽ നടന്ന അക്രമത്തിൽ ഇതുവരെ 11 പേർ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിലെ മുസ്ലിംകൾക്കെതിരായി മോദി ഭരണകൂടം വിവേചനപരമായാണ് പെരുമാറുന്നതെന്നാരോപിച്ചാണ് പ്രതിഷേധം. ആയിരക്കണക്കിന് പ്രതിഷേധക്കാർ ഞായറാഴ്ച ബംഗ്ലാദേശിലുടനീളം തെരുവിലിറങ്ങി.
കിഴക്കൻ ജില്ലയായ ബ്രഹ്മൻബാരിയയിൽ ഹെഫസാത്ത് ഇ-ഇസ്ലാം നടത്തിയ പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർ ട്രെയിൻ ആക്രമിച്ചു.
സംഘർഷത്തിൽ 10 പേർക്ക് പരിക്കേറ്റു. നിരവധി സർക്കാർ ഓഫീസുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. നിരവധി ഹിന്ദു ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു.
വെള്ളിയാഴ്ചയാണ് നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തിയത്. കോവിഡിനു ശേഷമുള്ള മോദിയുടെ ആദ്യ വിദേശസന്ദർശനമാണിത്. ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടി യതിന്റെ സുവർണജൂബിലിയുടെ ഭാഗമായാണു മോദിയുടെ സന്ദർശനം.
സന്ദർശനത്തിന്റെ ഭാഗമായി ധാക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത മോദി സത്ഖിരയിലെ കാളീക്ഷേത്രവും ഒരാഖണ്ഡിലെ മത്വാ ക്ഷേത്രവും സന്ദർശിച്ചിരുന്നു.