ചെന്നൈ: പാർലമെന്റിൽ 65 വാക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ നടൻ കമൽഹാസൻ.
മിസ്റ്റർ ഹിറ്റ്ലർ ഇത് ജർമനിയല്ല എന്നാണ് മോദിയെ വിമർശിച്ച് കമലിന്റെ പ്രതികരണം.
ഇത് രാജവാഴ്ചയല്ല, ജനാധിപത്യമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
വിമർശിക്കാനുള്ള അവകാശം തടയുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്നും കമൽഹാസൻ പറഞ്ഞു.
നേരത്തേ, അഴിമതിക്കാരൻ, നാട്യക്കാരന്‍, മന്ദബുദ്ധി, അരാജകവാദി, ശകുനി, സ്വേച്ഛാധിപതി എന്നിങ്ങനെ ഒരുകൂട്ടം വാക്കുകളും ഉപയോഗിക്കരുതെന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ബുക്ക്ലെറ്റിൽ അസാധാരണ നിര്‍ദേശം പുറത്തിറക്കിയത്.
ഇത്തരം പദങ്ങള്‍ പാര്‍ലമെന്റില്‍ ഉപയോഗിച്ചാല്‍ അത് രേഖകളില്‍ നിന്ന് നീക്കും. നിര്‍ദേശങ്ങള്‍ ലോക്സഭയ്ക്കും രാജ്യസഭയ്ക്കും ബാധകമാണെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
പാര്‍ലമെന്റില്‍ വാഗ്വാദത്തിന് മൂര്‍ച്ചകൂട്ടാന്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്കാണ് നിരോധനം.
ഭരണപക്ഷത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് നിര്‍ദേശമെന്നാണ് വിവരം. അതേസമയം ഇതിനെതിരേ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.
“അണ്‍പാര്‍ലമെന്ററി’എന്ന ഇംഗ്ലീഷ് വാക്കിന്റെ നിര്‍വചനമുള്ള പുതിയ ഇന്ത്യയിലെ നിഘണ്ടുവിന്റെ ചിത്രമാണ് പരിഹാസ രൂപേണ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചത്.