അമൃത്സർ: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വൻ വീഴ്ചയെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയം.
പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയെ കർഷക സംഘടനകൾ വഴിയിൽ തടഞ്ഞു. ഇതേ തുടർന്ന് ബതിന്ദയിലെ മേൽപ്പാലത്തിൽ പ്രധാനമന്ത്രി 20 മിനിറ്റോളമാണ് കുടുങ്ങിയത്.
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദർശിക്കുന്നതിനാണ് പ്രധാനമന്ത്രി രാവിലെ ബതിന്ദ വിമാനത്താവളത്തിൽ എത്തിയത്.
ഹെലികോപ്റ്ററിലാണ് അദ്ദേഹത്തെ വേദിയിലേക്ക് കൊണ്ടുപോകേണ്ടിയിരുന്നത്. എന്നാൽ കാലാവസ്ഥ മോശമായതിനാൽ പിന്നീട് റോഡ് മാർഗം രക്തസാക്ഷി സ്മാരകം സന്ദർശിക്കാൻ തീരുമാനിച്ചു.
പഞ്ചാബ് പോലീസിന്റെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സ്ഥിരീകരിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം റോഡ് മാർഗം യാത്ര തിരിച്ചത്.
എന്നാൽ സ്മാരകത്തിന് 30 കിലോമീറ്റർ അകലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഒരു മേൽപ്പാലത്തിൽ എത്തിയപ്പോൾ പ്രതിഷേധക്കാർ തടയുകയായിരുന്നു.
പഞ്ചാബ് സർക്കാർ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിച്ചു.
അതേസമയം, സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി വിശദീകരിച്ചു.
പ്രധാനമന്ത്രിയുടെ ഇന്നത്തെ പഞ്ചാബിലെ റാലികൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
മഴ മൂലം റദ്ദാക്കുന്നതായാണ് വിശദീകരണം. പ്രധാനമന്ത്രി ഉത്തർപ്രദേശിലെ ലക്നോവിൽ നടത്താനിരുന്ന റാലിയും റദ്ദാക്കിയിട്ടുണ്ട്.