ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടങ്ങൾ വാഴ്ത്തിപ്പാടാൻ മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അൽഫോണ്‍ സ് കണ്ണന്താനത്തിന്റെ പുസ്തകം.
കേന്ദ്ര സർക്കാരിലെ രണ്ടു സെക്രട്ടറിമാരും മുൻ ഉന്നത സെക്രട്ടറിമാരുമായ 25 പേർ ചേർന്നെഴുതി കണ്ണന്താനം എഡിറ്റു ചെയ്ത പുസ്തകം ഒന്‍പതിന് വൈകുന്നേരം 6.30ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രകാശനം ചെയ്യും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ആണ് ‘ആക്സിലിറേറ്റിംഗ് ഇന്ത്യ- 7 ഇയേഴ്സ് ഓഫ് മോദി ഗവണ്മെന്റ്’ എന്ന പേരിലുള്ള ഗ്രന്ഥത്തിന്റെ അവതാരികയെഴുതിയത്.
നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ആഭ്യന്തര മുൻ സെക്രട്ടറി എൽ.സി ഗോയൽ, പ്രതിരോധ മുൻ സെക്രട്ടറി ജി. മോഹൻകുമാർ, മുഖ്യ വിവരാവകാശ കമ്മീഷണർമാരായിരുന്ന ബിമൽ ജുൽക, സുധീർ ഭാർഗവ, മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ, ആരോഗ്യ മുൻ സെക്രട്ടറി പ്രീതി സുഡാൻ, വിദ്യാഭ്യാസ മുൻ സെക്രട്ടറി വൃന്ദ സ്വരൂപ് എന്നിവർ മുതൽ ഹീറോ ഹോണ്ട ചെയർമാനും സിഇഒയുമായ പവൻ മുൻജൽ തുടങ്ങി 25 പേരാണ് ഏഴു വർഷത്തെ മോദി സർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ടു നിരത്തുന്ന ലേഖനങ്ങളെഴുതിയിരിക്കുന്നത്.
കേന്ദ്രപദ്ധതികൾ അടക്കമുള്ളവയെക്കുറിച്ചു സമഗ്രമായ വിവരങ്ങളും വസ്തുതകളും അടങ്ങിയ പുസ്തകം എംപിമാർക്കും പൊതുപ്രവർത്തകർക്കും ഗൈഡു പോലെ ഉപയോഗിക്കാനാകുമെന്ന് കണ്ണന്താനം ദീപികയോടു പറഞ്ഞു.