ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ 20 ലക്ഷം കോടി രൂപയുടെ സാന്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജിഡിപിയുടെ 10 ശതമാനം വരുന്ന ഈ സ്വാശ്രയ ഭാരത പാക്കേജിന്റെ (ആത്മനിർഭർ ഭാരത് അഭിയാൻ) സ്രോതസോ വിശദാംശങ്ങളോ പ്രധാനമന്ത്രി വെളിപ്പെടുത്തിയില്ല.
കൊറോണ വൈറസിനെതിരായ യുദ്ധത്തിൽ ഇന്ത്യ തോറ്റുകൊടുക്കില്ലെന്നും സ്വാശ്രയത്വം നേടുമെന്നും ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നും ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തു മോദി പറഞ്ഞു.
ലോക്ക് ഡൗണ്‍ വീണ്ടും തുടരുമെന്നും എന്നാൽ നാലാമത്തെ ലോക്ക്ഡൗണ്‍ വ്യത്യസ്തമായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പതിനെട്ടാം തീയതിക്കു മുന്‍പ് അടുത്ത ലോക്ക്ഡൗണിന്റെ മാർഗരേഖകളും വിശദാംശങ്ങളും അറിയിക്കും.
മുഖ്യമന്ത്രിമാരുടെ നിർദേശങ്ങൾകൂടി പരിഗണിച്ചാകും ഇളവുകൾ. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ കൂടുതൽ അയവുണ്ടാകും. കൊറോണ വൈറസ് ഇവിടെ ഏറെക്കാലം ഉണ്ടാകും. എല്ലാവരും മാസ്കുകൾ ഉപയോഗിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണമെന്ന് 33 മിനിറ്റ് നീണ്ട പ്രസംഗത്തിൽ മോദി ഓർമിപ്പിച്ചു.
20 ലക്ഷം കോടിയുടെ പാക്കേജിൽ ഭൂമി, തൊഴിൽ, നിർമാണം, പണലഭ്യത തുടങ്ങിയ എല്ലാ ഘടകങ്ങളും ഉണ്ടാകും. ഈ വർഷത്തേക്കാണ് 20 ലക്ഷം കോടി പാക്കേജ്.
തൊഴിലാളികൾ, കർഷകർ, ഇടത്തരക്കാർ എന്നിവർക്കെല്ലാം പദ്ധതിയുടെ ഗുണമുണ്ടാകും. എന്നാൽ ദിവസക്കൂലിക്കാർ, ഇതരസംസ്ഥാന തൊഴിലാളികൾ തുടങ്ങിയവരെക്കുറിച്ച് പ്രസംഗത്തിൽ പ്രത്യേകിച്ചു പരാമർശിച്ചതേയില്ല.
സാന്പത്തിക പാക്കേജിന്റെ വിശദാംശങ്ങൾ ധനമന്ത്രി പ്രഖ്യാപിക്കും. സ്വാശ്രയ ഭാരതത്തിനായുള്ള പദ്ധതികളാകും ഉത്തേജന പാക്കേജിന്റെ അടിസ്ഥാനം. തൊഴിൽ, ഭൂമി, സാന്പത്തിക മേഖലകളിൽ സമൂല പരിഷ്കാരങ്ങളും ഉണ്ടാകുമെന്ന് മോദി വിശദീകരിച്ചു.
• സ്വാശ്രയത്വം നേടും
സ്വയംപര്യാപ്തത നേടുകയാണ് മുന്നോട്ടുള്ള നമ്മുടെ മാർഗം. ഇന്ത്യ സ്വാശ്രയത്വം നേടുക തന്നെ ചെയ്യും. 130 കോടി ഇന്ത്യക്കാർ സ്വാശ്രയ പ്രതിജ്ഞയെടുത്തുകഴിഞ്ഞു. ഏറ്റവും മികച്ചതിനായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. മനുഷ്യകുലത്തിന്റെ നന്മയ്ക്കായി ഇന്ത്യക്കു സംഭാവന ചെയ്യാനാകും. പുതിയ ബോധ്യത്തോടെ ഇന്ത്യ മുന്നോട്ടു നീങ്ങും. സാങ്കേതികവിദ്യയുടെ പിൻബലത്തിലാകും കുതിപ്പ്.
ധീരമായ പരിഷ്കരണ നടപടികൾ രാജ്യത്ത് ആവശ്യമാണ്. വാണിജ്യ, വ്യവസായ, നിക്ഷേപ മേഖലകളിൽ വലിയ ചലനമുണ്ടാകും. വിപണന ശൃംഖലകൾ വിപുലപ്പെടുത്തും. വലിയ മത്സരത്തിന് പദ്ധതിയുമുണ്ടാകും. ഏറ്റവും മികച്ച ഉത്പന്നങ്ങൾ നമ്മൾ ഉണ്ടാക്കും. ഗുണനിലവാരം മെച്ചപ്പെടുത്തും. വിതരണ ശൃംഖലകൾ ആധുനികവത്കരിക്കും. വെല്ലുവിളിയെ അവസരമാക്കി നമ്മൾ മാറ്റി. നയങ്ങൾ കൊണ്ട് ഇന്ത്യ ലോകത്തിനു മാതൃകയായി.
ഇന്ത്യയുടെ ശക്തിയിൽ ലോകത്തിനു വിശ്വാസം വന്നുതുടങ്ങി. ഇന്ത്യ വികസന പാതയിൽ തിരിച്ചെത്തിയിരിക്കുന്നു. പ്രാദേശിക മാർക്കറ്റുകളും വിതരണ ശൃംഖലകളും ശക്തിപ്പെടുത്തേണ്ടതുണ്ട്. ആഗോള ബ്രാൻഡുകൾ വിട്ട് എല്ലാ ഇന്ത്യക്കാരും പ്രാദേശിക ബ്രാൻഡുകൾ അഭിമാനത്തോടെ വാങ്ങണം. ഖാദിയും കൈത്തറിയും ഉപയോഗിക്കണം. ഖാദിയെ ഇന്ത്യ ആഗോള ബ്രാൻഡ് ആക്കി മാറ്റിയിട്ടുണ്ട്.
• പ്രതീക്ഷ വിടരുത്
കോവിഡിന്റെ വെല്ലുവിളിക്കിടയിലും പ്രതീക്ഷ കൈവിടരുത്. അസാധ്യമായി ഒന്നുമില്ല. ഇന്ത്യയുടെ മരുന്നുകളാണ് ലോകമെങ്ങും മനുഷ്യജീവനുകൾ രക്ഷിക്കുന്നത്.
രണ്ടു ലക്ഷം വീതം പിപിഇകളും എൻ-95 മാസ്കുകളും നാം ഇപ്പോൾ നിർമിക്കുന്നു. ഇതിനു മുന്‍പ് നമ്മൾ പിപിഇകൾ ഇന്ത്യയിൽ നിർമിച്ചിരുന്നില്ല.
ലോകമെങ്ങും 42 ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. പലർക്കും പ്രിയപ്പെട്ടവരെ നഷ്ടമായി. കോടിക്കണക്കിന് ആളുകളാണ് അപകടഭീഷണിയിൽ കഴിയുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.