
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാ ഇന്ത്യൻ പൗരനാണെന്നും അതിനാൽ അദ്ദേഹത്തിനു പൗരത്വം തെളിയിക്കുന്നതിനു രേഖയുടെ ആവശ്യമില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്.
മോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ട് സുബൻകർ സർക്കാരും പ്രണോജിത് ഡേ എന്നിവരുടെ വിവരാവകാശ അപേക്ഷയ്ക്കു നൽകിയ മറുപടിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.
1955ലെ പൗരത്വ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാൽ തന്നെ ഇന്ത്യൻ പൗരനാണ്. അതുകൊണ്ടുതന്നെ ചോദ്യത്തിനു പ്രസക്തിയില്ലെന്നു മറുപടിയിൽ പറയുന്നു.
അതേസമയം, ഈ മറുപടിക്കെതിരേ വലിയ വിമർശനം ഉയർന്നുതുടങ്ങിയിട്ടുണ്ട്. നരേന്ദ്ര മോദിക്ക് പൗരത്വം തെളിയിക്കുന്ന രേഖയുണ്ടോയെന്നാണ് ചോദ്യമെന്നും അതിനല്ല അദ്ദേഹത്തിന്റെ ഓഫീസ് മറുപടി നൽകിയതെന്നുമാണു വിമർശനം.
രാജ്യമെങ്ങും പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ നീക്കം നടത്തുന്നിനെ പൗരത്വ നിയമ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനുമെതിരേ പ്രക്ഷോഭം നടക്കുന്നതിനുമിടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇത്തരമൊരു മറുപടി നൽകിയതെന്ന് ശ്രദ്ധേയം.
1955ലെ പൗരത്വ നിയമമനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൗരത്വ രജിസ്ട്രേഷൻ ആവശ്യമില്ലെങ്കിൽ മറ്റുള്ളവർക്ക് അതെന്തിനാണെന്ന് മാധ്യമ പ്രവർത്തക സീമി പാഷ ട്വീറ്റ് ചെയ്തു.