ലോക്ക് ഡൗണ്‍ ഏറ്റവുമധികം ബാധിച്ചത് ആരെ എന്ന ചർച്ച പലപ്പോഴും വന്നിട്ടുള്ളതാണ്. പല ഉത്തരങ്ങളാണ് ചർച്ചകളുടെ അവസാനം ലഭിക്കുക.
എന്നാൽ പല ചർച്ചകളിലും വിഷയമാവത്ത ഒന്നാണ് കുട്ടികളുടെ കാര്യം. ഒരു വർഷത്തിലധികമായി തങ്ങളുടെ കൂട്ടുകാരെ ഈ കുട്ടികൾ കണ്ടിട്ട്.
പല ചെറിയ കുട്ടികളും സ്വന്തം ക്ലാസിൽ പഠിക്കുന്ന കുട്ടികളെ മറന്നുകഴിഞ്ഞു. കന്പ്യൂട്ടറും ഫോണും മാത്രമായി ഇവരുടെ ലോകം.
ഇതിനിടെ ഓൺലൈൻ ക്ലാസിൽ അവിശ്യത്തിലധികം പഠിക്കാനുള്ള കാര്യങ്ങളും. ഇപ്പോഴിതാ ഓൺലൈൻ ക്ലാസുകളെ കുറിച്ചുള്ള ഒരു ആറു വയസുകാരിയുടെ പരാതിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
അധ്യാപികയോടോ മാതാപിതാക്കളോടോ അല്ല പരാതി. സാക്ഷാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് കാഷ്മീർ സ്വദേശിനിയായ കുഞ്ഞിന്റെ പരാതി.
ഓൺലൈൻ ക്ലാസ്സിൽ നിന്നും സ്ഥിരമായി കിട്ടുന്ന ഹോംവർക്കിനെ കുറിച്ചാണ് കുരുന്നിന്റെ പരാതി. ആറു വയസുമാത്രം പ്രായമുള്ള കുട്ടികൾക്ക് ഇത്രയധികം വർക്ക് തരുന്നത് ശരിയാണോ എന്നാണ് കുട്ടിയുടെ ചോദ്യം.
രാവിലെ മുതൽ തുടങ്ങുന്ന ഓൺലൈൻ ക്ലാസ് ഒന്നിനുപുറകെ ഒന്നായി ഇംഗ്ലീഷ്, കണക്ക്, ഉറുദു, ഇ വി എസ് അങ്ങനെ ഉച്ചവരെ നീളും.
വലിയ കുട്ടികൾക്ക് മാത്രമേ ഇത്രയും പഠിക്കാൻ കൊടുക്കാവൂ എന്നും കുട്ടി വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. കുട്ടിയുടെ പരാതിക്ക് നരേന്ദ്ര മോദി മറുപടി നൽകുമോയെന്ന് അറിയാൻ കാത്തിരിക്കുകയാണ് സൈബർ ലോകം.
നിരവധി പേരാണ് കുട്ടിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായ പല കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.