സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലേയിൽ പരിക്കേറ്റ സൈനികരെ സന്ദർശിച്ചത് സൈനിക ആശുപത്രിയിൽ തന്നെയെന്നു കരസേന. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി പ്രത്യേക ചികിത്സാകേന്ദ്രം ഒരുക്കിയെന്ന പ്രചാരണം ദുഷ്ടലാക്കോടെയാണെന്നും അപകീർത്തിപരമാണെന്നും കരസേന പ്രസ്താവനയിൽ അറിയിച്ചു.
ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രം കൂടി ആയതിനാൽ പരിക്കേറ്റ സൈനികർക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ഒരുക്കിയിരുന്നു. അതിർത്തിയിലെ സംഘർഷത്തിൽ പരിക്കേറ്റ സൈനികർ എത്തിയതു മുതൽ ഈ പ്രത്യേക കേന്ദ്രത്തിലാണ് ചികിത്സ നൽകുന്നത്.
നേരത്തെ, കരസേനാ മേധാവിയും മറ്റ് സൈനിക ഉദ്യോഗസ്ഥരും ഇവിടെ തന്നെ എത്തിയാണ് പരിക്കേറ്റ സൈനികരെ സന്ദർശിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തെറ്റായ രീതിയിൽ പ്രചരിപ്പിക്കരുതെന്നും അത്തരത്തിലുള്ള പ്രചാരണം സൈന്യത്തിന്റെ ആത്മവിശ്വാസം കെടുത്തുമെന്നും സേന വിശദമാക്കി.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ചിത്രങ്ങളിൽ പ്രൊജക്ടറും സ്ക്രീനും ഉള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ ഉയർന്നത്.