ന്യൂഡൽഹി: ഞായറാഴ്ചത്തെ കേരള സന്ദര്‍ശനത്തിന് മുന്നോടിയായി മലയാളത്തില്‍ ട്വീറ്റ് പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലെഴുതിയ രണ്ട് കുറിപ്പുകളാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
“പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾ കൊച്ചിയിലെ പരിപാടിയിൽ തുടക്കമിടുമെന്ന്’ ആദ്യത്തെ ട്വീറ്റിൽ അദ്ദേഹം കുറിച്ചു.
“കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത് ഞാൻ ഉറ്റു നോക്കുന്നുവെന്ന്’ രണ്ടാമതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
ഒരുദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തുന്നത്. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള സന്ദർശനം ഔദ്യോഗികമാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. സംസ്ഥാനത്തെ പ്രധാന ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തുന്ന പ്രധാനമന്ത്രി പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റികളെ അഭിസംബോധന ചെയ്യുമെന്നും അറിയുന്നു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കൊച്ചിയിലെ വികസന പദ്ധതികൾ പ്രധാനമന്ത്രി നാടിനു സമർപ്പിക്കും. ബിപിസിഎലിന്റെ 6,000 കോടി രൂപയുടെ പ്രൊപിലീന്‍ ഡെറിവേറ്റീവ്സ് പെട്രോ കെമിക്കല്‍സ് പദ്ധതിയാണ് ഇതിൽ പ്രധാനം. കൊച്ചിന് തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലായ സാഗരികയുടെ ഉദ്ഘാടനവും സൗത്ത് കല്‍ക്കരി ബെര്‍ത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ തറക്കല്ലിടലും വെല്ലിങ്ടണ്‍ ദ്വീപിലെ എറണാകുളം വാര്‍ഫില്‍ നിർവഹിക്കും.
ഷിപ്പ് യാര്‍ഡിന്റെ നോളജ് സെന്ററായ ഗിരിനഗറിലെ ‘വിജ്ഞാന് സാഗര്‍’ മന്ദിരം ഉദ്ഘാടനം, വില്ലിങ്ടണ്‍ ദ്വീപില്‍നിന്നു ബോള്‍ഗാട്ടിയിലേക്കുള്ള റോറോ സര്‍വീസ് ഉദ്ഘാടനം എന്നിവയാണു മറ്റു പരിപാടികൾ.
തുറമുഖ-ഷിപ്പിംഗ്-ജലപാത മന്ത്രി മന്‍സുഖ് എല്‍ മണ്ഡാവിയ, പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന് എന്നിവരും പ്രധാനമന്ത്രിയോടൊപ്പം നാളെ എത്തും.