മുംബൈ: രാജ്യത്ത് കടുത്ത ചൈനാ വിരുദ്ധ വികാരം പടരുന്നതിനിടെ തദ്ദേശീയ ആപ്ലിക്കേഷൻ നിർമാണം പ്രോത്സാഹിപ്പിക്കുന്ന ആത്മനിർഭർ ഭാരത് ഇന്നവേഷൻ ചലഞ്ചുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
രാജ്യം സ്വയംപര്യാപ്തതയ്ക്കായി ശ്രമിക്കുന്ന ഈ വേളയിൽ സ്റ്റാർട്ടപ്പുകളും ടെക് വിദഗ്ധരും മത്സരക്ഷമമായ, നിലവാരമുള്ള തദ്ദേശീയ ആപ്പുകൾ നിർമിക്കണമെന്നും അതുവഴി രാജ്യത്തെ സാങ്കേതിക രംഗസ്വയംപര്യാപ്തതയിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ടെക് സമൂഹത്തെ അഭിസംബോധന ചെയ്തുള്ള ലിംഗ്ഡെൻ പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. “കോവിഡ് -19 പ്രതിസന്ധിയെ രാജ്യം സാങ്കേതിക വിദ്യകൊണ്ട് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതാണ് അവസരം. ഇപ്പോൾ നിങ്ങളുടെ മുന്പിൽ ഒരുപാട് ചോദ്യങ്ങളുണ്ട്. അവയിൽ ചിലത് ഇവയാണ്.
നമുക്ക് രാജ്യത്തെ പരന്പരാഗത വിനോദങ്ങൾ ആപ്പുകളിലൂടെ കൂടുതൽ ജനകീയമാക്കാൻ കഴിയുമോ? പഠനത്തിനും വിനോദത്തിനുമൊക്കെയുള്ള മികച്ച ആപ്പുകൾ രൂപപ്പെടുത്താനാകുമോ? സാങ്കേതികവിദ്യയിലൂടെയാണ് ഈ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത്.
രാജ്യത്ത് ‘അത്മനിർഭർ ആപ്പ് എക്കോ സിസ്റ്റം’ രൂപപ്പെടുത്താനുള്ള അവസരം ഏവരും വെല്ലുവിളിയായി എടുക്കണം. നിങ്ങൾ നിർമിച്ച ആപ്പുകളിൽ ചിലത് ഭാവിയിൽ ഞാനുമുപയോഗിച്ചേക്കാം. ’’ – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര ഐടി മന്ത്രാലയത്തിനും അടൽ ഇന്നവേഷൻ യോജനയ്ക്കുമാണ് ആത്മനിർഭർ ഭാരത് ഇന്നവേഷൻ ചലഞ്ചിന്റെ മേൽനോട്ട ച്ചുമതല.
നിലവിലുള്ള മികവാർന്ന തദ്ദേശീയ ആപ്പുകൾക്ക് പ്രോത്സാഹനം നൽകി കൂടുതൽ മത്സരക്ഷമമാക്കാനും പുതിയ ആപ്പുകൾ നിർമിക്കാനുദ്ദേശിക്കുന്നവർക്ക് ആവശ്യമായ സഹായം നൽകാനുമാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്.
മെച്ചപ്പെട്ട ആപ്പുകളെ കണ്ടെത്തുന്നത് ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും. ഇതിനു പുറമേ ഇ-ലേണിംഗ്, വർക്ക് ഫ്രം ഹോം,സോഷ്യൽ നെറ്റ്വർക്കിംഗ് , ഗേയ്മിംഗ്, ബിസിനസ്, ഓഫീസ് ഉപയോഗം, വിനോദം തുടങ്ങിയ മേഖലകളിലുള്ള ആപ്പുകൾക്കും പ്രോത്സാഹനം നൽകും.
ഏതാനും ദിവസങ്ങൾക്കു മുന്പാണ് കേന്ദ്ര സർക്കാർ രാജ്യ സുരക്ഷയ്ക്കു ഭീഷണിയാകുമെന്ന വിലയിരുത്തലിൽ 59 ചൈനീസ് ആപ്പുകൾക്ക് നിരോധനമേർപ്പെടുത്തിയത്. ചൈനയിൽനിന്നുള്ള ഇറക്കുമതികൾ ഒഴിവാക്കാനും സർക്കാർ ശ്രമിച്ചുവരികയാണ്.