പെരുമ്പാവൂര്‍: പ്രധാനമന്ത്രിയുടെ ഒാഫീസ് ഇടപെട്ടതോടെ പൊന്നപ്പന്റെയും കുടുംബത്തിന്റെയും 50 വർഷത്തെ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ചു.
വേങ്ങൂര്‍ പഞ്ചായത്തിലെ മൂത്തേടം കവലയില്‍ താമസിക്കുന്ന നടുകുടി പൊന്നപ്പന്റെ (85) കുടുംബം കുടിവെള്ളത്തിനായി കാത്തിരുന്നത് നീണ്ട 50 വര്‍ഷമാണ്.
പട്ടയം ഇല്ലാത്തതിനാല്‍ പൊളിഞ്ഞു ചാടാറായ മണ്‍വീട്ടിലാണ് വൃദ്ധദമ്പതികളുടെ താമസം. അരകിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്നാണ് കുടുംബം കുടിവെള്ളം ശേഖരിച്ചിരുന്നത്.
പൊതുപ്രവര്ത്തകന് തോമസ് കെ ജോര്‍ജ് വൃദ്ധദമ്പതികളുടെ വിഷമ സ്ഥിതി കാണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തെഴുതിയതിനെ തുടര്‍ന്നാണ് ജല ജീവന് മിഷന് പദ്ധതിപ്രകാരം കുടിവെള്ളം എത്തിക്കാന്‍ അധികൃതര്‍ തയാറായത്.
പദ്ധതി നടപ്പിലായതോടെ പ്രദേശത്തെ ആറു കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭിക്കും.
മനുഷ്യാവകാശ കമ്മീഷന് ഈ കുടുംബത്തിന് കുടിവെള്ളം എത്തിക്കുവാന്‍ ഉത്തരവിട്ടെങ്കിലും 7000 രൂപ അടച്ചാല്‍ മാത്രമേ കുടിവെള്ളം എത്തിക്കാന്‍ കഴിയൂ എന്ന നിലപാടാണ് പഞ്ചായത്ത് അധികൃതര്‍ സ്വീകരിച്ചത്.